കാസർകോട്: സ്കൂളുകൾ അടച്ചതിനാൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കൗൺസിലർമാരെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കൊറോണയെന്ന മഹാമാരിക്കെതിരെ പൊരുതാൻ രംഗത്തിറക്കിയിരിക്കുകയാണ് കാസർകോട് ഐ .സി .ഡി .എസ് പ്രൊജക്റ്റ് ഓഫീസർ കവിതാ റാണി രഞ്ജിത്ത്. അഭിഭാഷകയും സംസ്ഥാന നിർഭയ പ്രോഗ്രാം ഓഫീസറുമായിരുന്ന ഈ തിരുവനന്തപുരം സ്വദേശിനി നല്ല വിശ്വാസത്തോടെയാണ് ഈ ടീമിനെ നയിക്കുന്നത്.
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അനുമതി വാങ്ങിച്ച ശേഷം സൈക്കോ സോഷ്യൽ സർവീസ് എന്ന പേരിൽ ഒരു ടീമിനെ വാർത്തെടുത്താണ് ഇവർ ബോധവത്ക്കരണത്തിന് ഇറക്കിയിരിക്കുന്നത്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, കാറഡുക്ക, പരപ്പ, നീലേശ്വരം എന്നീ അഞ്ചു ബ്ലോക്ക് കേന്ദ്രങ്ങളിലായി 45 ഓളം സ്കൂൾ കൗൺസിലർമാർ ജോലി ചെയ്യുന്നുണ്ട്. രോഗം പടരുമെന്ന് സംശയമുള്ള പ്രദേശങ്ങളിൽ പോയി ഭീതിയകറ്റുകയെന്ന ദൗത്യമാണ് ഇപ്പോൾ ഇവർ നിർവ്വഹിക്കുന്നത്. ഐസൊലേഷനിൽ കഴിയുന്നവർക്കും സൈക്കോ സോഷ്യൽ സർവീസ് ടീമിന്റെ സഹായം ലഭിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിലെ ഹെൽപ് ഡെസ്ക്കിൽ വിളിച്ചാലും ഇവരുടെ സേവനം ലഭിക്കും.
ഒരു ദിവസം 350 ഓളം ആളുകൾക്ക് ഇവർ കൗൺസിലിംഗ് നൽകുന്നുണ്ട് . ഐസൊലേഷനിൽ കഴിയുന്നവർക്ക് മാനസികാരോഗ്യ മാർഗനിർദേശങ്ങളാണ് കൗൺസിലർമാർ നൽകുന്നത്. ദിനചര്യകൾ പാലിക്കാൻ ശ്രദ്ധിക്കുക, മറ്റുള്ളവരുമായി ഇടപെടുന്നതിന് വിലക്കുണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങൾ, വീഡിയോ കോളുകൾ, ഫോൺ സംഭാഷണം എന്നിവകളിലൂടെ പ്രിയപ്പെട്ടവരുമായി ബന്ധം പുലർത്തണമെന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. ശരിയായ വസ്തുതകൾ വേർതിരിച്ചറിയാൻ സർക്കാർ വെബ്‌സൈറ്റുകൾ, ലിങ്കുകൾ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ നോക്കണമെന്നും പൊതുജനങ്ങളോട് ഇവർ നിർദ്ദേശിക്കുന്നുണ്ട്.
വീടുകളിൽ പോയും ഫോണിൽ ബന്ധപ്പെട്ടും മികച്ച പ്രവർത്തനമാണ് സ്കൂൾ കൗൺസിലർമാർ നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ വകുപ്പിലെ ജീവനക്കാർ ഇത്രയും കാലം സ്കൂളുകളിൽ ആണ് വർക്ക് ചെയ്തുവന്നത്. സ്കൂളുകൾ അടച്ചത് കാരണം ദുരിതം അനുഭവിക്കുന്നവരെ സംരക്ഷിക്കാൻ അവരെ നിയോഗിക്കുകയായിരുന്നു. നല്ല ടീമാണ് നമുക്കുള്ളത്. സാമൂഹ്യ സുരക്ഷിതത്വം നമ്മുടെ കൂടെ ഉത്തരവാദിത്വമാണല്ലോ..?
കവിതാ റാണി രഞ്ജിത്ത്
( ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസർ കാസർകോട് )