മാഹി : ലോകമാകെ മരണഭീതി വിതക്കുന്ന കൊറോണ മാഹിയിൽ സാമീപ്യമറിയിച്ച് രണ്ടാഴ്ചയായിട്ടും പ്രതിരോധപ്രവർത്തനം ഇനിയും കാര്യക്ഷമമാക്കാനായില്ല. നിലവിൽ 542 പേർ നിരീക്ഷണത്തിൽ കഴിയുമ്പോഴും നേരത്തെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന്റെ തീരുമാനം നടപ്പാക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
പത്തുദിവസം മുമ്പാണ് കൊറോണ പ്രതിരോധം ഊർജ്ജിതപ്പെടുത്താൻ മാഹിയിൽ സർവകക്ഷിയോഗം വിളിച്ചുചേർത്തത്. തൊട്ടടുത്തുള്ള കേരള സർക്കാരും കേന്ദ്രവും ഊർജ്ജിത പ്രതിരോധനടപടികളുമായി ഏറെ മുന്നോട്ടുപോയപ്പോഴും മാഹി ഭരണകൂടം ഇതൊന്നും അറിഞ്ഞ മട്ടില്ല.
നിരീക്ഷണത്തിലുള്ളവർക്ക് വിടുകളിൽ ഭക്ഷണമെത്തിക്കുമെന്നും ബോധവത്ക്കരണം തൊട്ട്, ഐസലേഷൻ വരെ നീളുന്ന പ്രതിരോധ പ്രവർത്തനം സമയ ബന്ധിതമായി നടത്തുമെന്നും,കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നുമൊക്കെയായിരുന്നു നേരത്തെ എടുത്ത തീരുമാനം.നിലവിൽ മാഹിയിലെ തൊഴിലിടങ്ങളെല്ലാം ഒന്നൊഴിയാതെ അടച്ചു പൂട്ടി. കരയിലും കടലിലും ജോലി ചെയ്യുന്നവരെല്ലാം വീടുകളിൽ ഒതുങ്ങി. മുന്നൊരുക്കം ചെയ്യാൻ പോലുമാവാത്ത നിർദ്ധനരായവർ, സർക്കാർ നിർദ്ദേശങ്ങൾ ശിരസാവഹിച്ച് വീടുകളിൽ കഴിയുകയാണ്.ആവശ്യസാധനങ്ങൾ ഇവർക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പോലും മാഹിയിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.
റേഷൻ സംവിധാനം നിലവിലുള്ള കേരളത്തിൽ, എല്ലാ കാർഡുടമകൾക്കും 15 കിലോ അരിയും പലവ്യഞ്ജനങ്ങളും അനുവദിച്ചിട്ടുണ്ട്, നിരീക്ഷണത്തിലുള്ളവർക്ക് ആയിരം രൂപയുടെ കിറ്റും.കേരളത്തഇൽ ഏത് പ്രതിസന്ധിയേയും നേരിടാൻ സജ്ജമായിട്ടുള്ള ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റികൾ പ്രാദേശിക തലത്തിൽ മാതൃകാപരമായി പ്രവർത്തിക്കുമ്പോഴാണ് തൊട്ടുചേർന്നുള്ള മയ്യഴിയിലെ ജനം വീടുകളിൽ ആവശ്യസാധനം പോലും ലഭിക്കാതെ ബന്ദികളായി കഴിയുന്നത്.
ഒരു കോടിയുടെ പാക്കേജ്
കൊറോണ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ മാഹിയിൽ എത്തിയ മുഖ്യമന്ത്രി നാരായണസ്വാമി ഒരു കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതാണ്.എന്നാൽ ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പോലും നടപ്പിലാക്കാൻ മാഹി അഡ്മിനിസ്‌ട്രേഷന് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസം, പൊതുമരാമത്ത് ,മുൻസിപ്പാലിറ്റി വകുപ്പുകളിലെ എൺപത് ശതമാനം ജീവനക്കാരും വീട്ടിലിരിപ്പാണ്.ഇലക്ഷൻ കാലത്തെന്നപോലെ ഏകോപനമുണ്ടാക്കിയാൽ കഠിന ജോലിഭാരം വരാനിടയുള്ള സിവിൽ സപ്‌ളൈസ് വകുപ്പിലേക്കടക്കം ഇവരെ സഹകരിപ്പിക്കാൻ സാധിക്കും. അംഗബലം കുറഞ്ഞ പോലീസ് സേനാ മാതൃകാപരമായി ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. സർക്കാർ നിർദ്ദേശങ്ങളത്രയും നടപ്പിലാക്കി. പതിനൊന്ന് ചെക്ക് പോസ്റ്റുകളിലും സേനയെ വിന്യസിച്ചു. ക്രമസമാധാന രംഗത്ത് നാളിതേവരെയില്ലാത്ത പ്രവർത്തനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നു.ആരോഗ്യപ്രവർത്തകരാകട്ടെ മതിയായ സുരക്ഷാസന്നാഹങ്ങളുടെ അഭാവത്തിലും കൈമെയ് മറന്ന് പ്രവർത്തിക്കുകയാണ്.
മയ്യഴി ഇപ്പോൾ രണ്ടാണ്
ജില്ലാ അതിർത്തികൾ അടച്ചതോടെ, മയ്യഴി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. മാഹി പാലം കേരള അതിർത്തിയിൽ അടച്ചതോടെ മയ്യഴിയുടെ ഭാഗമായ ചാലക്കര,പള്ളൂർ, പന്തക്കൽ പ്രദേശത്തുള്ളവർ ഒറ്റപ്പെട്ടു.മാഹിക്കാർ ന്യൂ മാഹിയിലെ മത്സ്യപച്ചക്കറി മാർക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. മാഹി ടൗണിലുള്ള പച്ചക്കറിമത്സ്യ വ്യാപാരം നിലച്ചതോടെ മയ്യഴിക്കാർ ദുരിതത്തിലായി. ന്യൂ മാഹിയിൽ പോകുന്നവരെ കേരള പൊലീസ് തടയുന്നുമുണ്ട്.