തലശ്ശേരി: കൊറോണ രോഗികളെ പരിചരിക്കുന്നവർക്കാവശ്യമായ വ്യക്തിഗത സുരക്ഷാകിറ്റ് (പി.പി.ഇ കിറ്റ്) ആവശ്യത്തിന് അടിയന്തരമായി എത്തിക്കാൻ എ .എൻ . ഷംസീർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ക്രൈസിസ് മാനേജ്‌മെന്റ് ടീം തീരുമാനം. കിറ്റിന്റെ കുറവുണ്ടെന്ന് കണ്ടാണ് അടിയന്തര ഇടപെടൽ. ആവശ്യമായ കിറ്റുകൾ ഐ.എം.എ തലശേരി ശാഖ നൽകുമെന്ന് സെക്രട്ടറി ഡോ ജയകൃഷ്ണൻ നമ്പ്യാർ, പ്രസിഡന്റ് ഡോ പി ബി സജീവ്കുമാർ എന്നിവർ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കുള്ള വെന്റിലേറ്റർ പരിശീലനവും ഐ.എം.എ നൽകും.
ഓക്സിജൻ സിലിണ്ടർ വിതരണം മുടങ്ങാതിരിക്കാനുള്ള ജാഗ്രതവേണമെന്ന് എം.സി.സി ഡയരക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം അഭ്യർഥിച്ചു. ഹെൽത്ത്‌കെയർ വളണ്ടിയർമാരായി നിയോഗിക്കുന്നവർക്കുള്ള മാനദണ്ഡം നിശ്ചയിക്കാനും തീരുമാനിച്ചു. ആരാധനാലയങ്ങൾ പൂർണമായും അടച്ച് കോവിഡ് പ്രതിരോധ പ്രവർത്തനവുമായി സഹകരിക്കണമെന്ന് സബ്കളക്ടർ ആസിഫ് കെ. യൂസഫ് അഭ്യർഥിച്ചു. അവശ്യവസ്തുക്കൾ എത്തിക്കുന്നതിനാവശ്യമായ ക്രമീകരണവും യോഗം ചർച്ച ചെയ്തു.
അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആവശ്യമായ ഭക്ഷണമെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും യോഗം അഭ്യർഥിച്ചു. രാജ്യം ഷട്ട്ഡൗൺ ചെയ്തതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ അതിഥി തൊഴിലാളികൾ പലരും കുടുങ്ങികിടക്കുകയാണ്. ജനറൽ ആശുപത്രി സുപ്രണ്ട് ഡോ: പീയൂഷ് നമ്പൂതിരിപ്പാട്, ആർ.എം .ഒ ഡോ. ജിതിൻ, ഡോ. വിജുമോൻ, ഡോ. കെ .ഇ. ശരത്, ഡോ. ബിജോയ്, സി .ഐ .കെ. സനൽകുമാർ എന്നിവരും പങ്കെടുത്തു.