കണ്ണൂർ: ഭക്ഷ്യസാധനങ്ങളുടെ അമിതവിലയും പൂഴ്ത്തിവയ്പ്പും നിയന്ത്രിക്കുന്നതിന് സ്ക്വാഡ് പരിശോധന തുടരുന്നു. ജില്ലയിൽ ഇന്നലെ അമിത വില ഈടാക്കിയതിന് 172 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് നടപടി സ്വീകരിച്ചു.

പരമാവധി ചില്ലറ വില്പന വിലയിലും അധികമായി ഈടാക്കി മാസ്‌ക്, സാനിറ്റൈസർ എന്നിവയും മറ്റ് നിത്യോപയോഗ സാധനങ്ങളും വിൽപന നടത്തിയതിനെ തുടർന്ന് എട്ട് പരാതികൾ ലഭിച്ചിരുന്നു. കൂടാതെ പരിശോധനയിൽ 11 കേസുകൾ കണ്ടെത്തുകയും ചെയ്തു.

ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകളും താലൂക്കുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ട്. ഇന്നലെ 90 സ്ഥാപനങ്ങളിൽ സ്ക്വാഡ് പരിശോധന നടന്നു. പച്ചക്കറികളുടെ വരവ് കുറഞ്ഞതിനാൽ അല്പം ദൗർലഭ്യം ഇക്കാര്യത്തിലുണ്ടെന്നാണ് അറിയുന്നത്. പൂനെയിൽ നിന്നുള്ള ഉള്ളിവരവ് നിലച്ചിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ സവാള വില ഉയർന്നിട്ടുണ്ട്. കൂടാതെ മറ്റുപച്ചക്കറികളുടെ വിലയും ഉയർന്നിട്ടുണ്ട്.

ധാന്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.

പരാതി നൽകാം

താലൂക്ക്തല കൺട്രോൾറൂം നമ്പറുകളിലോ സുതാര്യം മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം. തലശ്ശേരി 8281698122, ഇരിട്ടി 9400064090, കണ്ണൂർ 9188525711, തളിപ്പറമ്പ് 8281698124, പയ്യന്നൂർ 9567674517, ജില്ലാ കൺട്രോൾ റൂം 0497 2706503. കൺട്രോൾ റൂം നമ്പറുകളിൽ 24 മണിക്കൂറും പരാതികൾ അറിയിക്കാം. സുതാര്യം മൊബൈൽ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം