പേരാവൂർ: ലോക്ക് ഡൗണിന്റെ മറവിൽ പൊതുമാർക്കറ്റിൽ കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും കണ്ടെത്തുന്നതിന് കളക്ടർ നിയോഗിച്ച സ്‌പെഷ്യൽ സ്‌ക്വാഡ് പേരാവൂരിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പച്ചക്കറികൾ, അരി, പലവ്യഞ്ജനങ്ങൾ എന്നിവ സമീപ മാർക്കറ്റുകളായ ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിലുള്ളതിനേക്കാൾ കൂടിയ വിലയ്ക്കാണ് വിൽക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.അടുത്തടുത്ത കടകളിൽ പോലും രണ്ടും മൂന്നും രൂപ വ്യത്യാസത്തിലാണ് പച്ചക്കറികൾ വിറ്റിരുന്നതെന്ന് ബോദ്ധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയെത്തുടർന്ന് അധികമായി ഈടാക്കിയ തുക കുറച്ചു.മൊത്ത കച്ചവടക്കാർ വില കൂട്ടി വാങ്ങിയതിനാലാണ് പൈസ കൂട്ടി വാങ്ങാൻ നിർബ്ബന്ധിതരായതെന്ന് വ്യാപാരികൾ പറഞ്ഞു.

ആദ്യഘട്ടമെന്ന നിലയിൽ മുന്നറിയിപ്പ് നൽകുകയും തുടർന്നും കരിഞ്ചന്തയിൽ സാധനങ്ങൾ വിറ്റഴിക്കുന്നത് ആവർത്തിച്ചാൽ ശക്തമായ നിയമ നടപടികളിലേക്ക് കടക്കുമെന്നും പരിശോധകർ വ്യാപാരികളെ അറിയിച്ചു.ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജ്, ഡെപ്യൂട്ടി തഹസിൽദാർ എം.ലക്ഷ്മണൻ,റേഷനിംഗ് ഇൻസ്‌പെക്ടർ വി.ടി.വിജേഷ്, പേരാവൂർ വില്ലേജ് ഓഫീസർ എം.വി.അബിനേഷ് എന്നിവരാണ് സ്‌പെഷ്യൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നത്.