കാസർകോട്: ജനങ്ങളുടെ ദുരിതത്തിൽ എന്നും ഒപ്പം നിന്നിട്ടുള്ള പ്രശസ്ത ശില്പി കയ്യൂർ -ചീമേനി പഞ്ചായത്തിലെ ചെമ്പ്രകാനം സ്വദേശിയായ രാമചന്ദ്രൻ ഉദയവർമ്മൻ കൊറോണ മഹാമാരിക്കെതിരെയും ശിൽപം തീർത്ത് പ്രതിരോധ ചങ്ങലയിൽ അണിചേർന്നു. നാടിനെ കാർന്നുതിന്നുന്ന കൊറോണ വൈറസിനെ തുടച്ചു നീക്കാൻ സർക്കാറിനോടൊപ്പം നിൽക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന മനോഹര ശിൽപത്തിന്റെ പണിപ്പുരയിൽ അവസാന മിനുക്ക് പണിയിലാണ് ശില്പി. രോഗം പിടിപെട്ട് മൂടിപ്പുതച്ചിരിക്കുന്ന സ്ത്രീയുടെ രൂപമുള്ള ശില്പമാണ് തയാറാക്കിയത്. കൊറോണയുടെ മാരക സ്വഭാവം പ്രകടിപ്പിക്കുന്ന ശിൽപം ജനങ്ങൾക്കുള്ള മുന്നറിയിപ്പായി മാസ്കും ധരിച്ചിട്ടുണ്ട്. കൈകൾ മുഖത്തേക്ക് കൊണ്ടുപോകരുത് എന്ന് സൂചിപ്പിക്കാൻ വിരലുകൾ നീട്ടിവെച്ചിട്ടുണ്ട്.
വീടിനുള്ളിൽ അടച്ചിരിക്കുമ്പോൾ ആണ് പ്രതിരോധത്തിന്റെ ശിൽപം നിർമ്മിക്കാൻ രാമചന്ദ്രൻ ഉദയവർമ്മന് തോന്നിയത്. ടെറാകോട്ട ഉപയോഗിച്ച് നിർമ്മിച്ച ശിൽപം പിന്നീട് അക്കാദമിക്ക് കൈമാറാമെന്നാണ് ശില്പി ആഗ്രഹിക്കുന്നത്. ചൈനയിൽ നിന്നുത്ഭവിച്ചു പേമാരിയായി പെയ്തിറങ്ങി ലോകമെങ്ങും വിഴുങ്ങുന്ന കൊറോണക്കെതിരെ നമ്മൾ പോരാടണം. ഈ മഹാമാരി എങ്ങും വിത്തുകൾ വിതച്ചു. കൊറോണയെ തുടച്ചു നീക്കാൻ നമ്മൾ സർക്കാറിനോടൊന്നിച്ചു നിൽകുകയല്ലാതെ മറ്റു വഴികളില്ലെന്ന് ശില്പി പറയുന്നു.
മഹാപ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനും രാമചന്ദ്രൻ ശിൽപം തീർത്ത് പങ്കാളിയായിട്ടുണ്ട്. താൻ വരച്ച ഒരു ചിത്രവും ഒരു ശില്പവുമാണ് അന്ന് ലളിതകലാ അക്കാദമിയുടെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിലെ പ്രദർശനത്തിൽ വിൽപനക്കായി വച്ചത്. വിദേശ മാർക്കറ്റിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ശിൽപങ്ങൾ വിറ്റുകിട്ടിയ പണം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട് ഇദ്ദേഹം. പ്രളയംമൂലം കാടും മലകളും മനുഷ്യ ജീവനുകളും നഷ്ടപ്പെട്ട സമൂഹത്തിന്റെ നേർ അവതരണമായിരുന്നു അന്നത്തെ പ്രളയ ശില്പങ്ങൾ. സാമൂഹ്യ പ്രതിബദ്ധതയുള്ള അറുപതോളം ചിത്രങ്ങളും മുപ്പതോളം ശില്പങ്ങളും ഇതിനകം രാമചന്ദ്രന്റെ പണിപ്പുരയിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്.