കണ്ണൂർ:കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായ താലൂക്ക് തഹസിൽദാർമാരെ ഇൻസിഡന്റ് കമാൻഡർമാരായി ജില്ലാ കളക്ടർ നിയമിച്ചു. 2005ലെ ദുരന്തനിവാരണ നിയമത്തിലെ 26,30,34 സെക്ഷനുകൾ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറുടെ നടപടി.
വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരെ ഹോം ക്വാറന്റൈനിൽ താമസിപ്പിക്കുന്നതും അവർക്ക് ആവശ്യമായ സംവിധാനമൊരുക്കുന്നതും ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്വം ഇവർക്കായിരിക്കും. ഇൻസിഡന്റ് കമാൻഡർമാരുടെ നിർദേശ പ്രകാരമായിരിക്കണം താഴെയുള്ള മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെന്നും ഉത്തരവ് വ്യക്തമാക്കി. താലൂക്ക് ഇൻസിഡന്റ് കമാൻഡർമാരുടെ ഉത്തരവുകൾ പാലിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാൽ ഐപിസി 188ാം വകുപ്പ് പ്രകാരമുള്ള നിയമ നടപടിക്ക് പുറമെ ദുരന്തനിവാരണ നിയമത്തിലെ 51 മുതൽ 60 വരെ വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മാർച്ച് 25 മുതൽ 21 ദിവസത്തേക്കാണ് ഇൻസിഡന്റ് കമാൻഡർമാർക്ക് ചുമതല നൽകിയിരിക്കുന്നത്.