കോഴിക്കോട്: താമരശ്ശേരി രൂപതയിലെ ഫാദർ ജോൺ പനയ്ക്കപ്പിള്ളി (81) നിര്യാതനായി. കോഴിക്കോട് മേരിക്കുന്ന് വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു ഫാദർ പനയ്ക്കപ്പിള്ളി. 2009 മാർച്ച് ഒന്നിനാണ് അജപാലന ശുശ്രൂഷകളിൽ നിന്നു വിരമിച്ചത്.ആലുവ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി 1965 മാർച്ച് 17 ന് തലശ്ശേരി അതിരൂപതയ്ക്കുവേണ്ടി വള്ളോപ്പിള്ളി പിതാവിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. പേരാവൂർ ഫൊറോനപ്പള്ളിയിൽ സഹ വികാരിയായാണ് തുടക്കം. തുടർന്ന് തലശ്ശേരി രൂപതയിലെ വായാട്ടുപറമ്പ്, പെരുമ്പടവ്, പൈസക്കരി, മാടത്തിൽ, കണ്ണിവയൽ, പൊന്മല ഇടവകകളിലും മാനന്തവാടി രൂപതയിലെ ചുങ്കക്കുന്ന് ഇടവകയിലും താമരശ്ശേരി രൂപതയിലെ വിലങ്ങാട്, നെമ്മേനി, അടയ്ക്കാക്കുണ്ട്, പന്തല്ലൂർ, തൂവ്വൂർ, ഊരകം, തെയ്യപ്പാറ, മഞ്ഞക്കടവ്, പാതിരിക്കോട് ഇടവകകളിലും വികാരിയായിരുന്നു.
പാലാ രാമപുരത്ത് 1939 മേയ് മൂന്നിന് പനക്കപ്പിള്ളിൽ വർക്കി - ഏലി ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. രാമപുരം സേക്രഡ് ഹാർട്ട് എൽ പി സ്‌കൂൾ, സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ച ശേഷം 1956 ജൂൺ 18ന് പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിൽ ചേർന്നാണ് വൈദികപഠനം തുടങ്ങിയത്.സംസ്‌കാരം ഈരൂട് പള്ളി സെമിത്തേരിയിൽ നടന്നു.
സഹോദരങ്ങൾ: ഫിലോമിന, ഡൊമിനിക്, സിസ്റ്റർ കൺസീസിയ, സിസ്റ്റർ സെസിൽ, റോസമ്മ, വിൻസൻറ്റ്, മോളി, പരേതരായ ചാക്കോ, സിസ്റ്റർ അലെഡിസ്.