കണ്ണൂർ:കർണാടകയിൽ നിന്ന് കൂട്ടുപുഴ അതിർത്തി വഴി ജില്ലയിലെത്തിയ 151 പേരെ പതിനാലു ദിവസത്തെ നിരീക്ഷണത്തിനായി ജില്ലയിലെ വിവിധ കൊറേണ കെയർ സെന്ററുകളിലേക്ക് മാറ്റി. ബാംഗ്ലൂർ, മൈസൂർ തുടങ്ങി കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മലയാളികളെയാണ് സെന്ററുകളിൽ താമസിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ എത്തിയ 62 പുരുഷന്മാരും ഒൻപത് സ്ത്രീകളും, 10 കുട്ടികളുമുൾപ്പടെ 81 പേരെ വൈകുന്നേരം വരെ കുന്നോത്ത് സെന്റ്തോമസ് ഹയർസെക്കൻഡറി സ്‌കുളിൽ താമസിപ്പിച്ചു.

രാത്രിയോടെ ഇവരെ രണ്ടു കെ. എസ്.ആർ .ടി. സി ബസുകളിൽ കണ്ണൂരിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. കണ്ണൂർ നഗരത്തിലെ അറഫ ഇന്റർനാഷനൽ, വിചിത്ര, സെന്റോർ തുടങ്ങിയ ഹോട്ടലുകലുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ ബ്ലൂനെയിൽ, റോയൽ ഓമർസ്, മലബാർ റസിഡൻസി, ദി റെയിൻബോ സ്യൂട്ട്സ് തുടങ്ങിയ വിവിധ ഹോട്ടലുകളും കോവിഡ് കെയർ സെന്ററുകളായി ഏറ്റെടുത്തിട്ടുണ്ട്. കണ്ണൂർ തഹസിൽദാർ വി. എം. സജീവൻ, ഡെപ്യൂട്ടി തഹസിൽദാർ കെ. വി .ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റെടുക്കൽ പ്രവൃത്തികൾ നടന്നത്.
ഇതിനു പുറമെ, കഴിഞ്ഞ ദിവസങ്ങളിലായി എത്തിയ 28 പുരുഷന്മാരും 2 സ്ത്രീകളും 1 കുട്ടിയുമുൾപ്പടെ 31 പേരെ തളിപ്പറമ്പ ആയുർവേദ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 39 പേർ താണ പ്രീമെട്രിക് ഹോസ്റ്റലിലും ഒരാൾ പയ്യാമ്പലം ടി. ടി. ഐയിലും നിരീക്ഷണത്തിലുണ്ട്.