കാസർകോട്: ദേലംപാടി കല്ലടുക്ക കോളനിയിൽ അടച്ച റോഡ് തുറന്നുകൊടുക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പൊലീസിന് നേരെ നാട്ടുകാരുടെ ആക്രമണം. സംഭവത്തിൽ ആദൂർ എസ്.ഐ മുകുന്ദൻ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. അക്രമം നടത്തിയ പത്തംഗസംഘത്തിനെതിരെ കേസെടുത്ത പൊലീസിൽ ഇവരിൽ ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ട്.

സീനിയർ സിവിൽ പോലീസ് ഓഫീസർ സുഭാഷ്, ,​ സിവിൽ പോലീസ് ഓഫീസർ ഗോകുൽ എന്നിവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയപ്രകാശ്,​സിവിൽ പൊലീസ് ഓഫീസർ പ്രമോദ് എന്നിവരും കൂടെയുണ്ടായിരുന്നു.സംഭവത്തിൽ ദേവപ്പ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. രാവിലെ ബോധവത്ക്കരണത്തിനെത്തിയ ആരോഗ്യ പ്രവർത്തകരെ കോളനിക്കാർ റോഡ് തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി റോഡിലെ തടസം നീക്കിയപ്പോൾ അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.എന്നാൽ കോളനിയിൽ കയറി അധിക്ഷേപിച്ചത് യുവാക്കൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.തങ്ങളുടെ കോളനിയിൽ ആർക്കും രോഗമില്ലെന്നാണ് ഇവർ പറയുന്നത്.

വലിയ വടികൊണ്ടുള്ള അടിയേറ്റ് സിവിൽ പൊലീസ് ഓഫീസർ ഗോകുലിന്റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.. എസ് ഐ ഉൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആദൂർ സി.ഐ കെ.പ്രേംസദൻ പറഞ്ഞു.