നീലേശ്വരം: ലോക്ക് ഡൗൺ ലംഘിച്ച് വാഹനമോടിച്ചതിന് രണ്ടാളുടെ പേരിൽ നീലേശ്വരം പൊലീസ് കേസെടുത്തു. കാറോടിച്ച് യാത്ര ചെയ്ത സംഭവത്തിൽ കിനാനൂരിലെ രോഹിത് കുമാറിന്റെ പേരിലും ബൈക്ക് ഓടിച്ച് യാത്ര ചെയ്ത സംഭവത്തിൽ ചെറുവത്തൂരിലെ പി.സമദിന്റെ പേരിലുമാണ് കേസെടുത്തത്. രണ്ടു പേരുടെ വാഹനം കണ്ടു കെട്ടുകയും ചെയ്തു.
അതോസമയം ലോക്ക് ഡൗൺപ്രഖ്യാപിച്ച മൂന്നാം ദിവസമായ ഇന്നലെ നഗരത്തിൽ അപൂർവ്വം ചിലരൊഴികെ ആരും തന്നെ പുറത്തിറങ്ങിയില്ല. നഗരം പൊതുവെ ഒഴിഞ്ഞ് കിടന്നു. സാധനങ്ങൾ വാങ്ങാൻ ഇന്ന് എവിടെയും കൂടുതൽ തിരക്ക് കാണാനായില്ല.
മടിക്കൈ പഞ്ചായത്തിൽ ഭക്ഷ്യസാധനങ്ങളും മരുന്നും എത്തിക്കാൻ പ്രത്യേകം വളണ്ടിയർമാരെ നിയോഗിച്ചിരുന്നു. ആവശ്യമുള്ളവർ വാർഡ് മെമ്പറെ വിവരം അറിയിച്ചാൽ അവർ വളണ്ടിയർമാരുടെ ഫോൺ നമ്പർ കൈമാറും. ഒരു വാർഡിൽ ഒരാൾ വീതമാണ് വളണ്ടിയർമാരെ ഏർപ്പാടാക്കായിട്ടുള്ളത്. ആവശ്യമുള്ളവർ വളണ്ടിയർമാരെ ബന്ധപ്പെട്ടാൽ അവർ വേണ്ടുന്ന സാധനങ്ങൾ വീട്ടിൽ എത്തിക്കും.
കിനാനൂർ കരിന്തളം പഞ്ചായത്തിൽ 10 വളണ്ടിയർമാരടങ്ങുന്ന ജാഗ്രത സമിതികൾ രൂപീകരിച്ചു. ആവശ്യമുള്ളവർക്ക് കമ്മ്യൂണിറ്റി കിച്ചൺ സംവിധാനവും ഒരുക്കി കൊടുക്കും.