കണ്ണൂർ: ജില്ലയിൽ ഒൻപത് പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തലശ്ശേരി, മേക്കുന്ന്, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേർക്കും കോട്ടയംപൊയിൽ, കതിരൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു വീതം പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മാർച്ച് 22ന് ദുബായിൽ നിന്ന് ബംഗളുരുവിലേക്കുള്ള എമിറേറ്റ്സിന്റെ ഇകെ 564 വിമാനത്തിലെത്തിയ ശേഷം റോഡ് മാർഗം ജില്ലയിലെത്തിയവരാണ് കോട്ടയംപൊയിൽ സ്വദേശികളായ രണ്ടു പേരും കതിരൂർ സ്വദേശിയായ ഒരാളും. മാർച്ച് 20ന് ദുബൈയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്സിന്റെ ഇകെ 566 വിമാനത്തിലാണ് കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേർ എത്തിയത്. ഇവരോടൊപ്പം വാനിൽ കൂട്ടുപുഴ അതിർത്തി വഴിയെത്തിയ മറ്റൊരാൾക്ക് നേരത്തേ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.
ദുബായിൽ നിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 938 വിമാനത്തിൽ മാർച്ച് 17നെത്തിയ തലശ്ശേരി സ്വദേശിയും മാർച്ച് 19നെത്തിയ മേക്കുന്ന് സ്വദേശിയുമാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട മറ്റു രണ്ടു പേർ.
ബാക്കി രണ്ടു പേർ മാർച്ച് 18ന് സ്‌പൈസ്‌ജെറ്റിന്റെ എസ്ജി 54 വിമാനത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ കതിരൂർ, മട്ടന്നൂർ സ്വദേശികളാണ്. ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലായിരുന്നു ഈ ഒൻപത് പേരും. അതിനാൽ കൂടുതൽ ആളുകളുമായി ഇവർ സമ്പർക്കം പുലർത്തിയിരിക്കാനിടയില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ബംഗളുരുവിൽ നിന്ന് വാനിലെത്തിയവരുമായി ബന്ധപ്പെടാനിടയായവരെ നേരത്തേ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ എട്ടു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിൽസയിലാണ്.
ഇതോടെ ജില്ലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. തുടർഫലങ്ങൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിൽ ഒരാൾ നേരത്തേ ആശുപത്രി വിട്ടിരുന്നു. 25 പേരിൽ 24 പേർ ദുബായിൽ നിന്നും ഒരാൾ ഷാർജയിൽ നിന്നുമാണ് നാട്ടിലെത്തിയത്.