കാസർകോട്: ആശുപത്രിയിലേക്കും ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജോലിക്കുപോകുന്ന ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും തടയുകയും മർദ്ദിക്കുകയും ചെയ്ത പൊലീസ് നടപടി പ്രതിഷേധത്തിന് ഇടയാക്കി. സംഭവം കെ.ജി.എം.ഒ.എ ഭാരവാഹികൾ കാസർകോട് ജില്ലാ പൊലീസ് ചീഫ് പി എസ്. സാബുവിനെ നേരിൽ കണ്ടുധരിപ്പിച്ചു. ബദിയടുക്ക സി.എച്ച്.സിയിലെ ഡോ. അരവിന്ദനെ വിദ്യാനഗർ ബി.സി റോഡിൽ വെച്ചും ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. അപർണ്ണയെ കാസർകോട് ജനറൽ ആശുപത്രിയിലെ കാഷ്യാലിറ്റിയിൽ ഇറക്കി തിരിച്ചു വന്നു വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിക്കാൻ കടയിലേക്ക് പോകുമ്പോഴാണ് പൊലീസ് സംഘം അസഭ്യവർഷം നടത്തുകയും മർദ്ദിക്കുകയും ചെയ്തതെന്നാണ് പരാതി.
ഉദുമ സി.എച്ച്.സിയിലെ സ്റ്റാഫ് നഴ്‌സ് നിർമ്മലയെ ഡ്യുട്ടിക്ക് വരുന്നതിനിടെ പൊലീസുകാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ചട്ടഞ്ചാൽ പി.എച്ച്.സിയിലെ എൻ.ആർ.എച്ച്.എം ഡോ.ഫാത്തിമത്ത് സാജിതയെ തളങ്കരയിലെ ഭർതൃവീട്ടിൽ നിന്ന് ഭർത്താവിന്റെ കൂടെ ആശുപത്രിയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും തെറി പറയുകയും ചെയ്തുവെന്നും പരാതിയുണ്ടായി. ഡോക്ടറുടെ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് വെറുതെവിട്ടില്ലെന്നാണ് പറയുന്നത്. കെ.ജി.എം.ഒ.എ കാസർകോട് ജില്ലാ പ്രസിഡന്റ് ഡോ. എം. മുഹമ്മദിന്റെ മകളാണ് ഡോ.ഫാത്തിമത്ത് സാജിദ.
ജില്ലാ പ്രസിഡന്റ് ഡോ. എം. മുഹമ്മദ്, ഡോ. നാരായണ നായക്ക്, ഡോ. അരവിന്ദൻ, ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. നാരായണ പ്രദീപ് എന്നിവരാണ് എസ്.പിയെ കണ്ടത്. കൃത്യമായ നിർദ്ദേശം നൽകിയാണ് പൊലീസുകാരെ ഡ്യൂട്ടിക്ക് പറഞ്ഞയക്കുന്നതെന്നും വീഴ്ച വരുത്തിയെങ്കിലും അന്വേഷിച്ചു നടപടി എടുക്കുമെന്നും എസ്.പി സംഘടനാ ഭാരവാഹികൾക്ക് ഉറപ്പുനൽകി.