ഉദുമ: പൊലീസിനെതിരെ വാട്സ് ആപ് ഗ്രൂപ്പിൽ വർഗീയ പരാമർശം നടത്തിയ വനിത പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. പള്ളിക്കര പഞ്ചായത്ത് മൂന്നാം വാർഡ് അംഗവും മുസ്ലീം ലീഗ് പ്രവർത്തകയുമായ ഷക്കീല ബഷീറിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പൊലീസിനെതിരെ ലഹള ഉണ്ടാക്കും വിധം സന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്നാണ് കേസ്. വൈകിട്ട് അഞ്ചു മണി കഴിഞ്ഞിട്ടും ബേക്കൽ മൗവ്വലിൽ റോഡരികിൽ യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബേക്കൽ പൊലീസ് എത്തിയിരുന്നു. അനാവശ്യമായി നിൽക്കുന്ന യുവാക്കളോട് വീട്ടിലേക്ക് പോകാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം അംഗീകരിക്കാൻ യുവാക്കൾ തയ്യാറായില്ല. തുടർന്ന് കൂട്ടം കൂടി നിന്നവരെ പൊലീസ് ഓടിച്ചു. ഇതിനെ തുടർന്നാണ് പഞ്ചായത്ത് അംഗം ഷക്കീല ബഷീർ വാട്സ് ആപ്പ് ഗ്രൂപ്പിൽ പൊലീസിനെതിരെ വർഗീയ പരാമർശം നടത്തി പ്രകോപനത്തിന് ശ്രമിച്ചത്. തന്റെ വീട്‌ പൊലീസ് അടിച്ചു തകർത്തായി വ്യാജ പ്രചാരണവും ഷക്കീല നടത്തി. മുസ്ലീങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ മാത്രമാണ് പൊലീസ് അക്രമം നടത്തുന്നുവെന്നാണ് ഷക്കീലയുടെ വ്യാജ സന്ദേശം.