mayyil-police

കണ്ണൂർ: കൊറോണ കാലത്ത് നിർദ്ദേശം ലംഘിച്ച് നിരത്തിൽ ഇറങ്ങുന്ന ഫ്രീക്കന്മാർക്ക് രണ്ടിടി കൊടുത്ത് വാഹനങ്ങൾ പിടികൂടുന്ന പൊലീസുകാർ നവ മാദ്ധ്യമങ്ങളിൽ വൈറലാണ്. എന്നാൽ കണ്ണൂരിലെ അഞ്ച് സ്റ്റേഷനിലെ സാറന്മാർക്ക് ഇതൊക്കെ ഓർക്കുമ്പോൾ നെഞ്ചിടിപ്പാണ്. കാരണം, സ്റ്റേഷൻ വളപ്പിലെ സ്ഥല പരിമിതി കാരണം നിരത്തിലും കാട്ടിലുമൊക്കെ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് വല്ലതും നഷ്ടപ്പെട്ടാൽ സമാധാനം പറയേണ്ടി വരും.

പയ്യാവൂർ, മയ്യിൽ, വളപട്ടണം, ചെറുപുഴ, പരിയാരം സ്റ്റേഷനുകളാണ് ഇത്തരത്തിൽ പരിമിതിയുടെ നടുവിൽ നിൽക്കുന്നത്. ഇന്നലെ ഒൻപത് പേർക്കെതിരെ കേസെടുത്ത് എട്ട് വണ്ടികളുമായി സ്റ്റേഷനിലെത്തിയ മയ്യിലിലെ പൊലീസുകാർ ശ്രദ്ധയിൽ പോലും പതിയാത്തിടത്ത് ഇവ പാർക്ക് ചെയ്യാൻ നിർബന്ധിതരായി. മണൽ കടത്തിന്റേതടക്കം നിരവധി വാഹനങ്ങൾ ഇവിടെ നേരത്തെ മുതൽ കെട്ടികിടക്കുമ്പോഴാണ് കൊറോണ കഴിയും വരെ ഈ വയ്യാവേലി കൂടി തലയിലായത്. സ്റ്റേഷനിലെ മൂന്ന് ജീപ്പുകൾ പോലും വെക്കാൻ ഈ വളപ്പിൽ സ്ഥലമില്ല.

സ്വന്തം കെട്ടിടം പണി ഫണ്ടില്ലാതെ നിലച്ച പയ്യാവൂരുകാർ പഴയ വാഹനങ്ങളെ കൂട്ടത്തോടെ പത്ത് കിലോ മീറ്റർ ദൂരെയുള്ള ശ്രീകണ്ഠാപുരം സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ പിടികൂടിയ സ്കൂട്ടർ ഇപ്പോൾ റോഡരികിലാണ്. കൊറോണ തിരക്കിൽ ഭക്ഷണം കഴിക്കാൻ പോലും നേരമില്ലാതെ ഓടുമ്പോൾ ഇതിനൊക്കെ ആര് കാവലിരിക്കാനാണെന്ന് ഇവർ ചോദിക്കുന്നു.

വളപട്ടണത്തെ റോഡിൽ പോലും മണൽ കടത്തിനിടെ പിടികൂടിയ വാഹനങ്ങൾ നിറഞ്ഞിട്ടുണ്ട്. ചെറുപുഴ സ്റ്റേഷനാകട്ടെ പ്രവർത്തിക്കുന്നത് മൃഗാശുപത്രി, കൃഷി ഭവൻ എന്നിവയോടൊപ്പമാണ്. മലയോര ഹൈവേയാണ് ഇവരുടെ തൊണ്ടി മുതൽ സൂക്ഷിക്കുന്ന ഇടം. പരിയാരം സ്റ്റേഷന് വേണ്ടി കെട്ടിടം പണിനടക്കുന്നുണ്ട് എന്നത് മാത്രമാണ് ആശ്വസിക്കാനുള്ള ഏക കാര്യം. ഇവിടെയുണ്ടായ പഴയ ലോറിയെല്ലാം ചക്കരക്കല്ലിലെ പറമ്പിൽ തള്ളിയിട്ടുണ്ട്. പക്ഷെ, പുതിയ കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നിടത്തും ഇതിന് യാതൊരു സുരക്ഷിതത്വവുമില്ല.