കണ്ണൂർ: ഉള്ളി വിലയിലെ വർദ്ധനവാണ് കേരളത്തിലെ പച്ചക്കറി മാർക്കറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സീസണിൽ ഉള്ളിക്ക് ഏറ്റവും കൂടുതൽ ആശ്രയിച്ചുവരുന്ന മഹാരാഷ്ട്രയിൽ നിന്ന് ലോറികളൊന്നും വരുന്നില്ലെന്നതാണ് പ്രതിസന്ധി പരിഹരിക്കുന്നതിലെ വലിയ തടസം. ലോക്ക് ഡൗണിന്റെ ഭാഗമായി പച്ചവെള്ളം പോലും കിട്ടാത്ത അവസ്ഥയിൽ എങ്ങനെ അവിടേക്ക് പോകുമെന്നാണ് ലോറിക്കാർ പറയുന്നത്.പോരാത്തതിന് മോശം പെരുമാറ്റവും.
കൊറോണ രാജ്യത്ത് ഏറ്റവും ഭീതി വിതച്ചതിനാൽ മഹാരാഷ്ട്രയിൽ കർശന പരിശോധനയാണ്. കേരളത്തിൽ നിന്നുള്ള ഡ്രൈവർമാരോട് അങ്ങേയറ്റം മോശമായാണ് അതിർത്തിയിലെ പെരുമാറ്റം. കഴിഞ്ഞദിവസം കേരളത്തിൽ നിന്നും മഹാരാഷ്ട്രയിലെത്തിയ ചില ലോറികളാണ് ഉള്ളിയുമായി മടങ്ങിയത്. ലഭ്യത കുറഞ്ഞതോടെ ഉള്ളിവില പത്തുരൂപയിലധികം വർദ്ധിച്ചിട്ടുണ്ട്. 25 രൂപയുണ്ടായിരുന്ന ഉള്ളിക്ക് 36 രൂപയിലാണ് മൊത്തക്കച്ചവടം . കർണാടക ഉള്ളിയാണെങ്കിൽ മൊത്തക്കച്ചവടം തുടങ്ങുന്നത് തന്നെ 35 രൂപയിലാണ്. വില ഇനിയും കൂടിയാൽ കുറ്റപ്പെടുത്തൽ തങ്ങൾക്കായിരിക്കുമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്.
ഉള്ളിവഴിയേ ഉരുളക്കിഴങ്ങും
കർണാടകയിലെ ചിക്ബല്ലാപൂർ മേഖലയിൽ നിന്നാണ് ഉരുളക്കിഴങ്ങ് എത്തിക്കുന്നത്. ഇതിനും കാര്യമായ ക്ഷാമം നേരിടുന്നുണ്ട്. തമിഴ്നാട്ടിൽ ചെറിയ ഉള്ളിക്ക് 100 രൂപയിലധികം ഈടാക്കുന്നുണ്ട്. പാവയ്ക്കയുടെ വരവുംകുറഞ്ഞു.. എന്നാൽ കർണാടക, തമിഴ്നാട് എന്നീ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മറ്റ് പച്ചക്കറികളുടെ കാര്യത്തിൽ വലിയ പ്രതിസന്ധി ഇല്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ചെറിയ വർദ്ധനവുണ്ടെങ്കിലും സാധനങ്ങൾ .അതെ സമയം മറുനാടൻ ഇനങ്ങളായ കാപ്സികം, കോളിഫ്ളവർ പോലുള്ളവയൊന്നും വ്യാപാരികൾ എടുക്കുന്നേയില്ല. അതെസമയം ഹോട്ടലുകൾപ്പെടെ അടഞ്ഞുകിടക്കുന്നതിനാൽ കൂടുതൽ സ്റ്റോക്ക് എടുക്കാൻ വ്യാപാരികൾ തയ്യാറാകാത്ത സ്ഥിതിയുമുണ്ട്. മത്സ്യത്തിന്റെയും ഇറച്ചിയുടെയും ലഭ്യതക്കുറവും പച്ചക്കറി വിപണിയിൽ കാര്യമായി പ്രതിഫലിച്ചിട്ടില്ല.
മഹാരാഷ്ട്രയിൽ നിന്ന് സാധനങ്ങളെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ കേരളത്തിലെ ഡ്രൈവർമാരോടുള്ള അന്യസംസ്ഥാനങ്ങളിലെ പെരുമാറ്റം മോശമായതും ഭക്ഷണമോ വെള്ളമോ എവിടെയും ലഭിക്കാത്തതും ഉള്ളി എത്തിക്കുന്നതിൽ തടസമായിരിക്കുന്നു.
കെ. നിധീഷ്, കെ.എൻ വെജിറ്റബിൾസ്, കണ്ണൂർ
പച്ചക്കറികളുടെ വില
തക്കാളി 30
കാരറ്റ് 80
കക്കരി 38
കോവയ്ക്ക 46
വെണ്ടയ്ക്ക 58
കൊത്തവര 42
പയർ 60
ബീൻസ് 66
മുരിങ്ങ 44
മുളക് 55
കാബേജ് 30
ബീറ്റ്റൂട്ട് 40
ഉള്ളി 40
ചേന 28