കാസർകോട്: ദേലംപാടി കല്ലടുക്ക കോളനിയിൽ പൊലീസിനു നേരെയുണ്ടായ അക്രമത്തിൽ പ്രതി ചേർക്കപ്പെട്ടവരിൽ ഒരാളെ ആദൂർ പൊലീസ് അറസ്റ്റുചെയ്തു. ദേവപ്പ(25) എന്നയാളാണ് അറസ്റ്റിലായത്. അക്രമത്തിൽ ആദൂർ എസ്.ഐ ടി.കെ. മുകുന്ദൻ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് കോളനിയിലേക്കുള്ള റോഡിലെ തടസം നീക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ നാട്ടുകാർ സംഘടിച്ച് അക്രമം നടത്തിയത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തിരുന്നു.
പരിക്കേറ്റ ആദൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജി. ഗോകുലൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
മംഗളൂരു സുള്ള്യ ദേശീയപാതയിലെ ദേർകജെയിലേക്ക് വനത്തിലൂടെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ കർണാടക അടച്ചിരുന്നില്ല. മറ്റ് റോഡുകൾ അടച്ചതിന് പിന്നാലെ കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ ഇതിലൂടെ പോകാൻ തുടങ്ങിയതോടെയാണ് കോളനിക്കാർ ഇവിടെ റോഡ് തടഞ്ഞത്. കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരെയും നാട്ടുകാർ പ്രവേശിക്കാൻ അനുവദിച്ചില്ല. ഇതിനെതിരെ പഞ്ചായത്ത് അംഗം ഐത്തപ്പ നായിക്ക് നൽകിയ പരാതി അന്വേഷിക്കാനെത്തിയ എസ് ഐ ടി കെ മുകുന്ദനും സംഘവും റോഡിലെ തടസങ്ങൾ നീക്കിയതോടെയാണ് കോളനിവാസികൾ ഇവർക്കെതിരെ അക്രമം നടത്തിയത്.