പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവവും ഉത്രവിളക്കും തുടർന്ന് ഭണ്ഡാര വീട്ടിൽ നടത്താറുള്ള തെയ്യക്കോലവും മാറ്റിവെച്ചു. ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന നാലാമത്തെ ഉത്സവമാണിത്.
മാർച്ച് 31മുതൽ ഏപ്രിൽ ഏഴ് വരെയുള്ള പൂരോത്സവത്തിന് ഞായറാഴ്ച്ച കുലക്കൊത്താനിരിക്കെയാണ് നിർണ്ണായകമായ തീരുമാനം. കൊറോണ ഫലപ്രദമായി പ്രതിരോധിക്കാനുള്ള സർക്കാർ തീരുമാനങ്ങളുടെ വെളിച്ചത്തിൽ മാനവരാശിയുടെ അതിജീവനത്തിനായി പാലിക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്താണ് ആചാരസ്ഥാനികരും ഭരണസമിതി ഭാരവാഹികളും ചേർന്ന യോഗത്തിന്റെ ഈ തീരുമാനമെന്ന് പ്രസിഡന്റ് അഡ്വ.കെ.ബാലകൃഷ്ണൻ അറിയിച്ചു. ഭക്തർ പ്രാർത്ഥനയായി നടത്തിവരുന്ന അടിച്ചുതളി സമാരാധന, കൂട്ടം അടിയന്തിരം, ശനിയാഴ്ച്ച ഭജന എന്നിവ നേരത്തേ ഇവിടെ മാറ്റിവച്ചിരുന്നു.