കാസർകോട് : പെരിയ കേന്ദ്ര സർവ്വകലശാലയിൽ കൊറോണ വൈറസ് പരിശോധനക്കുള്ള ലാബ് ഉടൻ തയാറാകും.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ സംസ്ഥാന സർക്കാർ 24 മണിക്കൂറും പ്രവർത്തിക്കുന്ന വൈറോളജി ലാബ് സജ്ജമാക്കും.

ഈ ലാബിൽ കൊറോണാ പരിശോധനാ ഫലം അഞ്ചു മണിക്കൂറിനുള്ളിൽ അറിയാൻ കഴിയും.ഇതിനുള്ള വിപുലമായ സാങ്കേതിക സംവിധാനങ്ങൾ സർവ്വകലാശാലാ ലാബിലുണ്ട്. ദിവസം 87 പേരുടെ ടെസ്റ്റുകൾ നടത്താൻ ഈ ലാബിൽ സൗകര്യമുണ്ടായിരിക്കും. സർവ്വകലാശാലയിലെ ബയോകെമിസ്ടി വിഭാഗത്തിൽ സജ്ജമാക്കിയിരിക്കുന്ന ലാബിൽ ഡോ. രാജേന്ദ്ര പിലാംകട്ടയും മറ്റ് അദ്ധ്യാപകരും ഗവേഷക വിദ്യാർത്ഥികളും പരിശോധനകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഇതുസംബന്ധിച്ച് നേരത്തെ നിവേദനം നൽകിയിരുന്നു.