കണ്ണൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബുദ്ധിമുട്ടുന്ന വിഭാഗങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെഷനുകളും ധനസഹായങ്ങളും അനുവദിക്കുന്നുണ്ടെങ്കിലും ബാങ്ക് സേവനങ്ങൾ അത്യാവശ്യക്കാർ മാത്രം ഉപയോഗിക്കണമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജരുടെ നിർദ്ദേശം
. പെൻഷൻ, ധനസഹായ വിതരണത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകാവുന്ന തിരക്ക് ബാങ്ക് ശാഖകളിലും എ.ടി.എമ്മുകളിലും ഒഴിവാക്കണം. അക്കൗണ്ടിലേക്ക് വരുന്ന തുക ആവശ്യത്തിന് മാത്രം പിൻവലിക്കുക. ഇത് ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നതിനാൽ പിന്നീട് എപ്പോൾ വേണമെങ്കിലും ആവശ്യാനുസരണം പിൻവലിക്കാൻ സാധിക്കും. പണം അക്കൗണ്ടിൽ വന്നിട്ടുണ്ടോ എന്ന് അറിയാൻ നേരിട്ട് ബാങ്കിൽ പോകാതെ ഫോണിലൂടെ ബന്ധപ്പെടണം. നിലവിൽ പണം പിൻവലിക്കൽ, നിക്ഷേപിക്കൽ, ക്ളിയറിംഗ്, ഡിഡി- എൻ.ഇ.എഫ്.ടി, ആർ.ടി.ഡി.എസ് തുടങ്ങിയ പരിമിതമായ പ്രവർത്തനങ്ങളാണ് ബാങ്കുകളിൽ നടക്കുന്നത്. പാസ് ബുക്ക് ഇപ്പോൾ പതിക്കില്ല. മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കാം. ബാങ്കുകളിലും എ.ടി.എമ്മുകളിലും സാമൂഹിക അകലം പാലിക്കണം. കൈകൾ കഴുകി ശുചിയാക്കാനും ഒരു സമയം അഞ്ചു വ്യക്തികൾ മാത്രം ബാങ്കിനകത്ത് പ്രവേശിക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.