കാസർകോട്: കേന്ദ്ര സർക്കാർ തയ്യാറാക്കിയ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജിൽ രാജ്യത്തെ രണ്ടാം നിര സൈന്യ വിഭാഗമെന്നറിയപ്പെടുന്ന മർച്ചന്റ് നേവി ജീവനക്കാർക്ക് അവഗണന. കൊറോണ ഭീതിയിൽ ജനം മുഴുവനും വീടുകളിൽ സുരക്ഷിതരാണെങ്കിലും ഇന്ത്യക്കാരായ ആയിരക്കണക്കിന് മർച്ചന്റ് നേവി ജീവനക്കാരുടെ കാര്യം അങ്ങനെയല്ല.
കരാർ സമയം കഴിഞ്ഞിട്ടും നിലവിലെ സാഹചര്യമനുസരിച്ച് 'സൈൻ ഓഫ് 'ചെയ്ത് നാട്ടിലെത്താൻ ഇനിയും എത്ര മാസങ്ങൾ എടുക്കുമെന്ന് ഇവർക്കാർക്കുമറിയില്ല. അത്രയും പേർ അവധി പൂർത്തിയാക്കി വരുമാനമില്ലാതെ കരയിലും കാത്തിരിപ്പിലാണിപ്പോൾ. അവധിയിൽ വന്നാൽ വേതനം പോലുമില്ലാത്ത മർച്ചന്റ് നേവി ജീവനക്കാരെ യുദ്ധ സാഹചര്യമുണ്ടായാൽ രാജ്യസുരക്ഷയുടെ ഭാഗമായി രണ്ടാം നിര സൈന്യ വിഭാഗമായാണ് കണക്കാക്കുന്നത്.
കൊറോണ ബാധയുടെ വ്യാപനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങാനാവാതെ വീടുകളിൽ കഴിയുന്ന ലോകത്തിലെ ജനങ്ങൾക്ക് ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചുകൊടുക്കുന്ന കപ്പൽ ജീവനക്കാരുടെ കാര്യത്തിൽ അധികൃതർ കൈമലർത്തുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. സാധാരണ പൗരന് ലഭിക്കേണ്ട പ്രതിമാസ ക്ഷേമാനുകുല്യങ്ങൾ പോലും സർവീസ് പെൻഷൻ പോലുമില്ലാത്ത നാവികർക്ക് കിട്ടുന്നില്ലെന്ന് മർച്ചന്റ് നേവിക്കാർ പറയുന്നു.