തലശ്ശേരി/മാഹി: കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട മാഹിയിൽ ആശുപത്രി ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളവരെല്ലാം ഇന്നത്തോടെ സിസ്ചാർജ് ചെയ്യപ്പെടും. എന്നാൽ തൊട്ടടുത്തുള്ള തലശ്ശേരി ഇപ്പോഴും കടുത്ത ആശങ്കയിൽ കഴിയുകയാണ്.
ഇന്നലെ കൊറോണ സ്ഥിരീകരിച്ച 19 പേരിൽ ഒൻപതുപേരും തലശ്ശേരിയിലും ചുറ്റുവട്ടത്തുമാണ്. ഇവരെല്ലാം ഗൾഫിൽ നിന്ന് എത്തിയവരാണ്. തലശ്ശേരി ടൗൺ ,​കതിരൂർ ,​മേക്കുന്ന് ,​കോട്ടയം മലബാർ ,​കുത്തുപറമ്പ്,​മട്ടന്നൂർ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ലിസ്റ്റിലുള്ള കണക്ക്.
മയ്യഴി ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായ വിദേശത്തുനിന്നും എത്തിയ പള്ളൂർ ഗ്രാമത്തി സ്വദേശിയായ യുവാവിന്റെ പരിശോധനാഫലം നെഗറ്റീവാണ്. ഈയാളെ ഇന്ന് ഡിസ്ചാർജ് ചെയ്‌തേക്കും.ഉംറ കഴിഞ്ഞെത്തി പുതുച്ചേരി സംസ്ഥാനത്തെ ആദ്യ കൊറോണ ബാധിതയായി കഴിഞ്ഞിരുന്ന ചാലക്കര കുഞ്ഞിപ്പുര മുക്കിലെ വയോധികയുടെ ഏറ്റവും ഒടുവിലത്തെ പരിശോധനാഫലവും നെഗറ്റീവാണ്. . എന്നാൽ ഇവരുടെതും ഇവരുടെ കൂടെ നിരീക്ഷണത്തിലിരിക്കുന്ന യുവതിയുടെയും അന്തിമപരിശോധനാ ഫലം വരാനുണ്ട്.ഫലം നെഗറ്റീവായാൽ വരും ദിവസങ്ങളിൽ ഇവർ രണ്ടു പേരും ആശുപത്രി വിടും.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ പ്രത്യേക ശ്രദ്ധയുള്ള തലശ്ശേരി മേഖലയിലെ ആശുപത്രികളെല്ലാം ഏത് സാഹചര്യത്തേയും നേരിടാനുള്ള കരുതലിലാണ്. ആരോഗ്യ പ്രവർത്തകരും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്.അതെ സമയം മാഹിയിൽ സർക്കാർ സംവിധാനം ഉണർന്നുപ്രവർത്തിച്ചില്ലെങ്കിലും ജനങ്ങളുടെ സഹകരണം ആശ്വാസത്തിനിട നൽകിയിട്ടുണ്ട്.