കണ്ണൂർ: കൊറോണക്കാലത്ത് മൊബൈലിലും ടി.വിയിലും സമയം കൊല്ലുന്നവർക്ക് മുന്നിൽ ഒരു പാഠമാണ് തളിപ്പറമ്പ് ബക്കളം പാൽസൊസൈറ്റിക്കടുത്ത പ്ളസ് വൺ വിദ്യാർത്ഥിയായ അദ്വൈതും ആറാം ക്ളാസ് വിദ്യാർത്ഥിയായ ആദിഷും . മൈക്രോ ഗ്രീൻസ് കൃഷിപാഠത്തിലാണ് ഇവർ ലോക്ക് ഡൗൺകാലം ഉപയോഗപ്പെടുത്തുന്നത്.

കുരുമുളക് വിജയം നേടിയ സിമിയുടെയും ഇലക്ട്രീഷ്യനായ ഉത്തമന്റെയും മക്കളാണിവർ. ഏറ്റവും കുറഞ്ഞ കാലാവധിയിൽ പോഷകസമൃദ്ധമായ ഇലകൾ വളരെ ചുരുങ്ങിയ സ്ഥലത്തു നിന്നും ഉൽപ്പാദിക്കുന്ന മൈക്രോ ഗ്രീൻസ് കൃഷിരീതിയാണ് അദ്വൈതിനും ആദിഷിനും താത്പര്യം.

രാവിലെ എഴുന്നേറ്റ് വെള്ളം നനക്കാനും കളകൾ പറിക്കാനും രണ്ടു പേരും ഓടിയെത്തും. പിന്നെ വൈകിട്ട് വരെ ഇതു തുടരും. വളരെ ശാസ്ത്രീയമായ രീതിയിലെ കൃഷിപാഠം ഇവർക്ക് പകർന്നു നൽകുന്നത് അമ്മ തന്നെയാണ്. പന്നിയൂർ കുരുമുളക് ശേഖരത്തിലൂടെ ശ്രദ്ധേയയായ സിമിക്ക് 2015ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകയ്ക്കുള്ള അവാർഡും ലഭിച്ചിരുന്നു.

വീടിനോടു ചേർന്നുള്ള 35 സെന്റ് സ്ഥലത്താണ് ഈ കുടുംബം കൃഷി നടത്തുന്നത്. അമ്മയുടെ കുരുമുളക് വള്ളികൾക്കൊപ്പം മൈക്രോ ഗ്രീൻസ് കൃഷിയിൽ അപൂർവ്വ വിജയം നേടാനുള്ള ശ്രമത്തിലാണ് അദ്വൈതും ആദിഷും.

മൈക്രോ ഗ്രീൻസ്

പയ‌ർവർഗങ്ങൾ മുളപ്പിച്ച ഏഴ് മുതൽ 14 ദിവസം വരെ വളർത്തി അത് ഭക്ഷണത്തിന് ഏറ്റവും ആവശ്യമുള്ള പോഷക സമൃദ്ധമായ ഇലക്കറിയാക്കി മാറ്റുന്നതാണ് മൈക്രോ ഗ്രീൻസ്. പൊട്ടാസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു. ഇവ വേരോടെ പിഴുത് ഏടുക്കാതെ ഒരിഞ്ച് വിട്ടുവേണം മുറിച്ചെടുക്കാൻ.ഇത്തരത്തിൽ കിട്ടുന്ന മൈക്രോ ഗ്രീനിൽ നിന്നും സലാഡ്, സൂപ്പ്, തോരൻ, കറി എന്നിവയുണ്ടാക്കാൻ കഴിയും.