തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങി. തെരുവോരങ്ങളിൽ കഴിഞ്ഞവരെ നഗരസഭാ അധികൃതർ പുനരധിവസിപ്പിക്കുകയും ചെയ്തു. ലോക്ക് ഡൗണിന്റെ ഭാഗമായി ദുരിതത്തിലായ നിർധനർ, തെരുവിൽ കഴിയുന്നവർ, അതിഥി തൊഴിലാളികൾ തുടങ്ങിയവർക്കാണ് കമ്മ്യൂണിറ്റി കിച്ചൺ വഴി സൗജന്യമായി ഭക്ഷണം നൽകിയത്. ആദ്യദിനം ഉച്ചക്കും രാത്രിയിലുമായാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തത്.
വരും ദിവസം ഇത് വിപുലീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം പറഞ്ഞു. തളിപ്പറമ്പ് നഗരസഭയുടെ കാന്റീനിൽ നിന്നാണ് ഇരുന്നൂറിലധികം അശരണർക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത്. ആവശ്യക്കാർക്ക് അനുസരിച്ച് എണ്ണം വർധിപ്പിക്കും. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി രമാനന്ദ്, സി.ഡി.എസ് ചെയർപേഴ്സൺ പി .കെ. ഷീബ എന്നിവർക്കാണ് കമ്മ്യൂണിറ്റി കിച്ചൺന്റെ മേൽനോട്ടച്ചുമതല. നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകരും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിനിടെ തെരുവിൽ കഴിയുന്ന ഇരുപതോളം പേരെ നഗരസഭ പുനരധിവസിപ്പിച്ചു.
രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ടി .ടി .കെ ദേവസ്വം റസ്റ്റ് ഹൗസ് നഗരസഭക്ക് അനുവദിച്ചു കൊടുത്തിരുന്നു. അവിടെയാണ് തെരുവിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിച്ചത്. ആദ്യദിനം ഇരുന്നൂറിലധികം ആളുകളാണ് ഈ നമ്പരുകളിൽ വിളിച്ച് ഭക്ഷണം ആവശ്യപ്പെട്ടത്. അവരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്. എല്ലാവർക്കും ഭക്ഷണം എത്തിച്ചു നൽകാനുള്ള ക്രിയാത്മകമായ ഇടപെടലാണ് തളിപ്പറമ്പ് നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഫോൺ: 8129146567, 9495942001.