കണ്ണൂർ: ജില്ലയിൽ അവശ്യ സാധന വിതരണത്തിന് ജില്ല പഞ്ചായത്തിൽ കാൾ സെന്റർ ആരംഭിക്കുന്നു. ലോക്ക് ഡൗണിനെ തുടർന്ന് സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കാൾസെന്ററിന്റെ പ്രവർത്തനം ഇന്ന് തുടങ്ങും. ജില്ലാ പഞ്ചായത്ത് വിഡിയോ കോൺഫറൻസ് ഹാൾ കേന്ദ്രീകരിച്ചാവും കോൾസെന്റർ പ്രവർത്തിക്കുക. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് കാൾ സെന്ററിന്റെ പ്രവർത്തന സമയം. കണ്ണൂർ നഗര പരിധിയിൽ താമസിക്കുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ കാൾ സെന്റർ വഴി സാധന വിതരണം. വിവരങ്ങൾ അറിയിക്കുന്നതിനായി അഞ്ച് വാടസ് ആപ്പ് നമ്പറുകളും തയ്യാറാക്കിയിട്ടുണ്ട്. 9400066016, 9400066017, 9400066018, 9400066019, 9400066020 എന്നീ നമ്പറുകളിലാണ് ആവശ്യക്കാർ വാട്‌സ് ആപ്പ് വഴി വിവരങ്ങൾ അറിയിക്കണം. ഈ നമ്പറിലേക്ക് എസ്.എം.എസും ചെയ്യാം.
24 മണിക്കൂറിനുള്ളിൽ സാധനം വീട്ടിലേക്ക്
ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വിലമാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങൾ, പച്ചക്കറി, കുട്ടികളുടെ ഭക്ഷണങ്ങൾ, മരുന്ന് തുടങ്ങിയവയാണ് കാൾസെന്റർ വഴി ലഭ്യമാകുക. ഗ്രാമങ്ങളിലുള്ളവർ ആവശ്യപ്പെടുകയാണെങ്കിൽ ആ വിവരങ്ങൾ കുടുംബശ്രീക്ക് കൈമാറി അവർ മുഖേന അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കും.
ജില്ലാ ഭരണ കൂടം, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ, ജില്ലാ സ്‌പോർടസ് കൗൺസിൽ, യുവജനക്ഷേമ ബോർഡ്, നെഹ്രു യുവ കേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എൻ.സി.സി, എൻ.എസ്.എസ് ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനങ്ങൾ സജ്ജീകരിക്കുക. കോൾ സെന്ററിൽ വളണ്ടിയേഴ്‌സ്, ഡെലിവറി പേഴ്‌സൺസ് എന്നിവരെയും നിയമിക്കും.
ഇത് സംബന്ധിച്ച് ജില്ലാപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കലക്ടർ ടി.വി സുഭാഷ്, ഡി.എം.ഒ കെ. നാരായണ നായിക് വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.