കൂത്തുപറമ്പ്: മേഖലയിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പരിധിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ഇതോടെ 8 ആയി. കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ രണ്ടു പേർക്കും കോട്ടയം പഞ്ചായത്തിൽ രണ്ടു പേർക്കുമാണ് പുതുതായി കൊറോണ സ്ഥിരികരിച്ചത്. നേരത്തെയും കോട്ടയം പഞ്ചായത്തിൽ രണ്ടു പേർക്കും കൂത്തുപറമ്പ് നഗരസഭ, മാങ്ങാട്ടിടം പഞ്ചായത്ത് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുവീതവും കൊറോണ പോസറ്റീവ് രേഖപ്പെടുത്തിയിരുന്നു.
ഇതോടെ കൂത്തുപറമ്പ്മേഖലയിൽ മാത്രം കൊറോണ സ്ഥിരികരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു. ഇന്നലെ രോഗബാധ കണ്ടെത്തിയവരും കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും നാട്ടിലെത്തിയവരാണ്. രോഗലക്ഷണങൾ കണ്ടെത്തിയതിനെ തുടർന്ന് നാല് പേരെയും തലശ്ശേരി ജനറൽ ആശുപത്രിയിലെ പ്രത്യേക വാർഡിൽ പാർപ്പിച്ച് വരികയായിരുന്നു. എന്നാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതിനാൽ നാലു പേർക്കും ബാഹ്യ സ്പർശം കുറവായിരുന്നു. പഞ്ചായത്ത്, നഗരസഭാതലത്തിൽ പ്രത്യേക കർമ്മസമിതികൾ രൂപീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്.