കണ്ണൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയമിച്ചിട്ടുള്ള ഇൻസിഡന്റ് കമാൻഡർമാരുടെ നിർദേശമനുസരിച്ചാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പ്രവർത്തിക്കേണ്ടത്.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായ താലൂക്ക് തഹസിൽദാർമാരെയാണ് ഇൻസിഡന്റ് കമാൻഡർമാരായി നിയമിച്ചിരിക്കുന്നത്. 2005ലെ ദുരന്തനിവാരണ നിയമത്തിലെ 26,30,34 സെക്ഷനുകൾ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ് ഇതിന് ഉത്തരവിട്ടത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെയും ആരോഗ്യമേഖലയിലേക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ഉത്തരവാദിത്വം ഇൻസിഡന്റ് കമാൻഡർമാർക്കായിരിക്കും.2005ലെ ദുരന്തനിവാരണ നിയമ പ്രകാരം ആവശ്യമെങ്കിൽ സർക്കാർ -സ്വകാര്യ മേഖലകളിൽ നിന്നും കെട്ടിടങ്ങൾ, വാഹനങ്ങൾ, മാനവവിഭവശേഷി എന്നിവ ഏറ്റെടുക്കുന്നതിനുള്ള അധികാരവും ബന്ധപ്പെട്ട പരിധിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് നൽകിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ ഇവ

ഐസൊലേഷനിലുള്ളവരുടെ കൃത്യമായ നിരീക്ഷണം,​

സമയബന്ധിതമായ റിപ്പോർട്ട്

കണ്ടെത്തിയ ഐസൊലേഷൻ സെന്ററുകൾ വൃത്തിയാക്കാൻ സംവിധാനം

രോഗികൾക്ക് പ്രത്യേകം ഭക്ഷണപാക്കറ്റ്

സമൂഹ അടുക്കളയ്ക്കുള്ള സൗകര്യം

ഭക്ഷണ സാധനം മരുന്ന് ഉറപ്പുവരുത്തുക