കണ്ണൂർ:കർണാടകയിൽ നിന്ന് കൂട്ടുപുഴ അതിർത്തി വഴി വെള്ളിയാഴ്ച്ച ജില്ലയിലെത്തിയ ഇരിട്ടി താലൂക്കിലെ 38 പേരെ കൂടി നിരീക്ഷണത്തിനായി കൊറോണ കെയർ സെന്ററുകളിലേക്ക് മാറ്റി. ഇവരെ അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിലാണ് പാർപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂർ, മൈസൂർ തുടങ്ങി കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 190 മലയാളികളെയാണ് സെന്ററുകളിൽ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ദിവസമെത്തിയ തളിപ്പറമ്പ് താലൂക്കിലെ 31 പേരിൽ 18 പേരെ കണ്ണൂരിലെ വിവിധ കെയർസെന്ററുകളിലേക്കും മാറ്റി. 13 പേർ തളിപ്പറമ്പ ആയുർവേദ ആശുപത്രിയിലെ കെയർസെന്ററിലും നിരീക്ഷണത്തിലാണ്. കണ്ണൂരിലെയും മറ്റു താലൂക്കുകളിലെയുമുൾപ്പടെ 134 പേർ കണ്ണൂരിലെ വിവിധ കെയർസെന്ററുകളിൽ നിരീക്ഷണത്തിലാണ്. ഹോട്ടൽ വിചിത്ര- 21, സെന്ററോൺ- 34, അറഫ ഇന്റർനാഷണൽ-16, താണ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റൽ- 38, പയ്യാമ്പലം ടിടിഐ- 1, തോട്ടട പോളിടെക്നിക്ക് ഹോസ്റ്റൽ-13 പേരെയുമാണ് പാർപ്പിച്ചിരിക്കുന്നത്.
ഭക്ഷണം ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ കെയർസെന്ററുകളിൽ ലഭ്യമാക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. നിലവിൽ കൊറോണ കെയർ സെന്ററുകളിൽ കഴിയുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം രോഗലക്ഷണളിൽ പ്രകടിപ്പിച്ചിട്ടില്ലെങ്കിൽ വീടുകളിലേക്കും അല്ലാത്തവരെ ആശുപത്രികളിലേക്കും മാറ്റും. വരുംദിനങ്ങളിൽ അതിർത്തിയിൽ പരിശോധന കർക്കശമാക്കും.