ഇരിട്ടി: കൂട്ടുപുഴ-വീരാജ്പേട്ട റോഡ് കർണാടക മണ്ണിട്ട് അടച്ചതോടെ ആവശ്യ ചരക്കു നീക്കം പൂർണ്ണമായി നിലച്ചു. കേരള-കർണ്ണാടക അതിർത്തി റോഡിൽ കൂടി ഒരു വാഹനത്തിനു പോലും പോകാൻ കഴിയാത്ത വിധം കർണ്ണാടക പൊലീസ് ഇന്നലെ ഉച്ചയോടെയാണ് ജെ.സി.ബി ഉപയോഗിച്ച് മണ്ണിട്ട് പൂർണ്ണമായി അടച്ചത്.

ഇതോടെ അരി, പച്ചക്കറിയുൾപ്പെടെയുള്ള ആവശ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിടുമെന്ന അവസ്ഥ വന്നിരിക്കുകയാണ്. റോഡ് മണ്ണിട്ട് അടക്കുന്നതായി കണ്ടതിനെ തുടർന്ന് പൊലീസ്, റവന്യൂ, അധികൃതർ സ്ഥലത്തെത്തി കർണാടക അധികൃതരോട് റോഡ് മണ്ണിട്ട് അടക്കരുതെന്ന് പറഞ്ഞെങ്കിലും ഉന്നതതല നിർദ്ദേശമണെന്നും കണ്ണൂരിൽ കൊറോണ കൂടുതലായതുകൊണ്ടാണ് മണ്ണിട്ട് റോഡ് അടച്ചതെന്നുമാണ് അവർ പറഞ്ഞതത്രേ.