ആശങ്ക അറിയിച്ച് കേരളം

ഇരിട്ടി: മാക്കൂട്ടം ചുരംപാതയിൽ കർണ്ണാടകം മണ്ണിട്ട് നിറച്ച് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതോടെ കേരളവും കർണ്ണാടകവും തമ്മിലുള്ള ബന്ധം പൂർണ്ണമായും തടസപ്പെട്ടു. കേരളത്തിന്റെ ഭൂമിയിൽ തന്നെയാണ് കർണ്ണാടകം മണ്ണിട്ട് റോഡ് തടസ്സപ്പെടുത്തിയിരിക്കുന്നത്
വിവരമറിഞ്ഞ് കണ്ണൂർ പൊലീസ് ചീഫ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

കുടക് എസ്.പി യുമായി ചർച്ചനടത്തിയപ്പോൾ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് മണ്ണ് നിറക്കലെന്നറിഞ്ഞ് കുടക് ജില്ലാ കളക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കളക്ടർ ഫോൺ എടുക്കാൻ തയ്യാറായില്ല. ഇതോടെ റോഡ് പൂർണ്ണമായും മണ്ണിട്ട് തടസ്സപ്പെടുത്തുകയായിരുന്നു.
കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് സമീപമാണ് ഇപ്പോൾ മണ്ണിട്ട് തടസ്സപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശം കേരളത്തിന്റെ അധീനതയിൽ പെട്ട സ്ഥലമാണ്. ഇതോടെ ഇതുവഴിയുള്ള ചരക്കു ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്.
റോഡ് തടസ്സപ്പെടുത്തുന്ന വിവരം അറിഞ്ഞ് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടുകയായിരുന്നു. കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയ്ക്കുപുറമെ താഹസിൽദാർ കെ .കെ. ദിവാകരൻ, ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, സി.ഐ. എ. കുട്ടികൃഷ്ണൻ, പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരും റവന്യു അധികൃതരും സ്ഥലത്തെത്തിയിരുന്നു.

ചരക്കുനീക്കം നിശ്ചലം

അതിർത്തി അടച്ചതോടെ അരി, പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യ ചരക്കുനീക്കം നിശ്ചലമായി. ഇനി കർണാടകത്തിൽനിന്ന് വയനാട് മുത്തങ്ങ വഴി ഉള്ള ഒരു അതിർത്തി ചെക്ക് പോസ്റ്റ് നിയന്ത്രണങ്ങളോടെ അനുവദിക്കുകയുള്ളൂ എന്നുള്ള നിലപാടാണ് കർണാടകത്തിന്. ഈ വഴി ചരക്കു നീക്കം 100 കിലോമീറ്ററിലധികം ദൂരം കൂടുതലുള്ളതിനാൽ ഉത്തരമലബാറിൽ അവശ്യ വസ്തുക്കൾക്ക് വില വർധിക്കാനും സാഹചര്യമുണ്ടാകും.

മുഖ്യമന്ത്രിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് സന്ദേശം അയച്ചിട്ടുണ്ട്. വീരാജ് പേട്ട എം.എൽ.എ കെ. ജി. ബാപ്പയ്യയെ ബന്ധപ്പെട്ടപ്പോൾ അതിർത്തി അടക്കാതെ നിർവാഹമില്ലെന്നും കൊറോണ രോഗികളുടെ എണ്ണം കണ്ണൂരിൽ കൂടുതൽ ഉണ്ടെന്നും ആണ് മറുപടി നൽകിയത്.

സണ്ണി ജോസഫ് എം.എൽ.എ

പടം കേരള-കർണ്ണാടക അതിർത്തിയിൽ കൂട്ടുപുഴ പാലത്തിനു സമീപം കർണ്ണാടകം റോഡ് മണ്ണിട്ട് തടഞ്ഞ നിലയിൽ