മാഹി: കേരളത്തിൽ കണ്ണൂർ ജില്ലയോട് ചേർന്നുള്ള കേന്ദ്ര ഭരണ പ്രദേശമായ മാഹിയും കൊറോണ ഭീതിയിൽ. പന്തക്കൽ എടയിൽ പീടികയിൽ രണ്ട് പേരെ ഇന്നലെ കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളായ ഇരുവരെ ആദ്യം മാഹി ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏറ്റവും പ്രതിസന്ധിയിലായതിൽ മാഹിയുമുണ്ട്. ഒൻപത് ചതുരശ്ര കിലോ മീറ്ററിൽ അര ലക്ഷത്തോളം ജനം തിങ്ങി പാർക്കുന്ന ഇവിടെ ആവശ്യത്തിന് പച്ചക്കറി പോലും ലഭിക്കാതായിട്ടുണ്ട്. ചാലക്കര, പള്ളൂർ, പന്തക്കൽ ഭാഗവും മാഹി ടൗണും മയ്യഴി പുഴയുടെ ഇരു കരകളിലാണ്. ഇതിനിടയിൽ കേരളത്തിലെ ന്യൂ മാഹി പൊലീസ് സ്റ്റേഷനും ഉൾപ്പെടും. ഇതോടെ ഭക്ഷണാവശ്യത്തിനായി സഞ്ചരിക്കാൻ ശ്രമിച്ചാൽ പോലും പൊലീസിന്റെ തല്ല് കിട്ടുന്ന അവസ്ഥയായിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം കൊറോണ കേസുകൾ അനിയന്ത്രിതമായി കൂടുന്നതോടെ ഇടപെടൽ കർശനമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇത്രയും നാൾ പരിശോധനകൾ നഗരത്തിൽ ഒതുങ്ങിയെങ്കിൽ അടുത്ത മൂന്ന് ദിനം നാട്ടിൻ പുറങ്ങളിലേക്ക് വ്യാപിപ്പിക്കും. അനാവശ്യമായി പുറത്തിറങ്ങാൻ ഒരാളെ പോലും അനുവദിക്കില്ലെന്നാണ് തീരുമാനം.