കണ്ണൂർ: കനത്ത വിലയിടിവിനെ തുടർന്ന് പ്രതിസന്ധിയിലായ ചിക്കൻ വ്യാപരികൾക്ക് ആശ്വാസമായി വിപണിയിൽ ഡിമാൻഡ്. പക്ഷിപ്പനി ഭീതിയിൽ വെറുതെയെന്ന പോലെ കൊടുക്കേണ്ടി വന്ന അവസ്ഥ മാറി കിലോയ്ക്ക് നൂറുരൂപ എന്ന നിലയിലേക്കാണ് കോഴിവില ഉയർന്നത്.

മീൻ കിട്ടാനെ ഇല്ലാത്തതാണ് കോഴിയ്ക്ക് വീണ്ടും ഡിമാൻഡ് വന്നതിന് പ്രധാന കാരണം. ഈ വർഷം ഉത്പാദനം വർദ്ധിച്ചതിനെ തുടർന്ന് വിവിധ വഴികളിലൂടെ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വൻതോതിൽ ചിക്കൻ കേരളത്തിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതിർത്തി അടച്ചതോടെ ഇത്തരം കടത്ത് തീരെ ഇല്ലാതായി. വരുംദിവസങ്ങളിൽ വില ഇനിയും കൂടാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറഞ്ഞു.

നാട്ടിലെ തന്നെ ഫാമുകളിൽ നിന്നുള്ള കോഴികളാണ് ഇപ്പോൾ ചില്ലറവിൽപ്പനക്കാ‌ർ വാങ്ങി വിൽക്കുന്നത്.വിഷുവിന് വിൽക്കാൻ കണക്കാക്കിയിരുന്ന കോഴികളടക്കം ഇപ്പോൾ മാർക്കറ്റിലെത്തുന്നുണ്ട്. .കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇടിഞ്ഞ കോഴി വില 70 രൂപയായി വർദ്ധിച്ചത്. കിലോയ്ക്ക് 55 രൂപയായിരുന്നു.തിങ്കളാഴ്ച്ചയായിരുന്നു വില 100 രൂപയിലെത്തിയത്.

കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് ആളുകൾ കോഴിയിറച്ചിയോട് മുഖം തിരിച്ചത്. ഇത് വ്യാപാരത്തെ സാരമായി ബാധിച്ചു. കിലോയ്ക്ക് 120യിൽ നിന്ന് 45 രൂപ വരെയായി വില ഇടിയുകയായിരുന്നു.

കോഴി തീറ്റക്ക് ഡിമാൻഡ്

കർണ്ണാടക,തമിഴ്നാട് നിന്നെത്തുന്ന കോഴിതീറ്റയും വിപണിയിൽ കിട്ടാതാവുകയാണ്.ഫാമുകൾ നടത്തുന്ന കർഷകരെയാണ് ഇത് ഏറെ ബാധിക്കുന്നത്.മുൻപ് വാങ്ങി സ്റ്റോക്ക് ചെയ്ത തീറ്റ കഴിയാറായെന്നാണ് പലരും പറയുന്നത്.ഒരു ചാക്കിന് 1600 രൂപയും കിലോയ്ക്ക 35 രൂപയുമാണ് കോഴിതീറ്റയുടെ വില.

മീൻവിൽപ്പനക്കാരനെ കാണാനെയില്ല

ലോക്ക് ഡൗൺ മത്സ്യബന്ധനത്തിന് തടസ്സമല്ലെങ്കിലും കടലിൽ മത്സ്യ ലഭ്യത വൻതോതിൽ കുറഞ്ഞതോടെ ബോട്ടുകൾ കടലിൽ പോകാത്ത സ്ഥിതിയാണ്.ഇതോടെ ഗ്രാമ പ്രദേശങ്ങളിലും ഉൾനാടുകളിലും ഉൾപ്പെടെ സ്ഥിമായി എത്തുന്ന മീൻ വിൽപ്പനക്കാ‌ർ പോലും ഇപ്പോൾ നിരത്തിലിറങ്ങുന്നില്ല.

ബൈറ്റ്

മത്സ്യ ലഭ്യത വൻ തോതിൽ കുറഞ്ഞതും ആളുകൾ കോഴിഇറച്ചി വാങ്ങുന്നതിന് കാരണമായിട്ടുണ്ട്.ആളുകൾക്ക് പക്ഷിപ്പനി കാരണമുണ്ടായ പേടിയും മാറി തുടങ്ങി.അന്യ സംസ്ഥാനങ്ങളിൽ നിന്ന് കോഴികൾ എത്തുന്നത് നിലച്ചിരിക്കയാണ്.വരും ദിവസങ്ങളിൽ സർക്കാർ ഇതിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.

കെ.പി.കരീം ,പാപ്പി ചിക്കൻ തളിപ്പറമ്പ്