പയ്യന്നൂർ:വേനൽകാലത്ത് ഉപകരിക്കാനാണ് കുടിവെള്ളപദ്ധതികൾ . എന്നാൽ രാമന്തളി പഞ്ചായത്തിലുള്ളവർക്ക് കാലവർഷം തുടങ്ങുന്ന ജൂൺ മുതൽ അടുത്ത ജനുവരി വരെയാണ് വാട്ടർ അതോറിറ്റി പൈപ്പുകൾ നിറഞ്ഞിരിക്കുന്നത്. കിണറുകൾ വറ്റിത്തുടങ്ങുന്ന ഫെബ്രുവരി തൊട്ട് പൈപ്പുകളിലും ജലം വിതരണം നിലക്കും.

ഏതാനും വർഷങ്ങളായി ഇതാണ് രാമന്തളിയുടെ പ്രധാന ദുരിതം. ശുദ്ധജലം പമ്പ് ചെയ്യുന്ന കാക്കടവ് ജലസേചന പദ്ധതിപ്രദേശം വരളുമ്പോൾ അത് രാമന്തളിയും അനുഭവിക്കണം. . പഞ്ചായത്തിലെ മൊട്ടക്കുന്ന്, പരത്തിക്കാട്, കക്കം പാറ, എട്ടികുളം തുടങ്ങിയ സ്ഥലങ്ങളെല്ലാം വേനലിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. ഇതിന് പരിഹാരമായാണ് ഏഴിമല നാവിക അക്കാഡമിയിലേക്ക് കൊണ്ട് വരുന്ന ശുദ്ധജലത്തിൽ നിന്നും പഞ്ചായത്തിലേക്കും കുടിവെള്ളം നൽകാൻ സർക്കാർ തീരുമാനിച്ചത്. നാവിക അക്കാഡമിയിലേക്ക് നബാർഡ് ധനസഹായത്തോടെ കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കിയ ജലവിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം 2007 മെയ് 17ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. 37 കോടി രൂപ ചെലവ് വന്ന പദ്ധതിയാണിത്. നാവിക അക്കാഡമി സ്ഥാപിക്കാൻ ഏറെ വിട്ടുവീഴ്ച ചെയ്തവർ താമസിക്കുന്ന സ്ഥലമെന്നത് പരിഗണിച്ചാണ് പഞ്ചായത്തിലേക്ക് പ്രത്യേകമായി ജലവിതരണ പദ്ധതി നടപ്പിലാക്കിയത്.

3.71 കോടി രൂപയാണ് തുടക്കത്തിൽ ഈ പദ്ധതിക്ക് ചെലവഴിച്ചത്.വിവിധ ഭാഗങ്ങളിലായി 250ഓളം പൊതു ടാപ്പുകൾ വച്ച് ഗാർഹിക കണക്ഷനുകൾ അന്ന് നൽകി. എന്നാൽ കുറച്ച് മുൻപ് വരെ നാവിക അക്കാ‌‌‌‌ഡമിയിൽ പ്രത്യേക ചടങ്ങുകളോ ഉന്നതരുടെ സന്ദർശനമോ ഉണ്ടായാൽ രാമന്തളിയിൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയിരുന്നു. നാവികരുടെ ഊഴം കഴിഞ്ഞാൽ മാത്രമെ പഞ്ചായത്തിലെ കുടിവെള്ളടാപ്പുകൾ ചലിക്കുകയുള്ളുവെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണത്തിൽ നിന്ന് നാട്ടുകാർക്ക് പലകുറി ബോദ്ധ്യപ്പെട്ടതാണ്.

കാക്കടവിൽ വെള്ളം വറ്റാതിരിക്കാൻ പുഴയിൽ പ്ളാസ്റ്റിക്ക് ചാക്കുകളിൽ പൂഴി നിറച്ച് താൽക്കാലിക തടയണ നിർമ്മിച്ച് പരിഹാരം തേടിയിരുന്നു.എന്നാൽ ഓരോ വർഷവും കുത്തൊഴുക്കിൽ ഇവ ഒഴുകിപ്പോകും .പിന്നീട് കരിങ്കൽ വച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ 10 കോടി രൂപ ചെലവിൽ കോൺക്രീറ്റ് തടയണ നിർമ്മിക്കാൻ തീരുമാനിച്ചു. നാലരമീറ്റർ ഉയരമുള്ള തടയണ ഈ മേയ് മാസത്തിൽ കമ്മിഷൻ ചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും നീരൊഴുക്ക് ഇല്ലാതായാൽ ഇതും പ്രയോജനം ചെയ്യില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

വെങ്ങര മൂലക്കടവ് പദ്ധതിയുണ്ട്,​ ഉപയോഗപ്പെടുത്തണം

മാടായി പഞ്ചായത്തിലേക്ക് വെള്ളം എത്തിക്കാൻ ഉപയോഗിച്ചിരുന്ന വെങ്ങര മൂലക്കടവ് പദ്ധതി ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഈ പദ്ധതിയിൽ വെള്ളം എത്തിക്കാൻ ഉപയോഗിച്ച് കൂറ്റൻ കിണറർ രാമന്തളി പഞ്ചായത്തിലാണ്. ഇത് പുനരുജ്ജീവിപ്പിച്ചാൽ രാമന്തളിയുടെ വലിയൊരു ഭാഗത്ത് ആശ്വാസമാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.