ചെറുപുഴ : പന്ത്രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ചെറുപുഴ പൊലീസ് മാതൃക കാട്ടി.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രാപ്പോയിൽ പാറോത്തുംനീർ സ്വദേശികളായ അനീഷ്,ജ്യോതി ദമ്പതികളുടെ കുട്ടിയെ അസുഖത്തെ തുടർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയെ ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ചെറുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. സി ഐ ബിനീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷനിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ സുധീറും ഡ്രൈവർ കെ. മഹേഷും ചേർന്ന് മിനിറ്റുകൾക്കുള്ളിൽ പയ്യന്നൂർ അനാമയ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഷ്ടിച്ച് 20മിനിറ്റ് നേരം മാത്രമാണ് ചെറുപുഴയിൽ നിന്ന് പയ്യന്നൂരിൽ എത്താൻ സമയമെടുത്തത്. കുട്ടി അപകട നില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നു. പൊലീസ് ഡ്രൈവർ മഹേഷിന്റെ കൃത്യ നിഷ്ഠയും ആത്മാർത്ഥതയും കൊണ്ടാണ് ഒരു ജീവൻ രക്ഷിക്കാനിടയായത്.