ഇരിട്ടി(കണ്ണൂർ)​: കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തിന് മുന്നിലും മാക്കൂട്ടം ചുരം അന്തർസംസ്ഥാന പാത തുറക്കാതെ കർണാടക. മൈസൂരു, കുടക് മേഖലയിലെ ജനപ്രതിനിധികളുടെ ശക്തമായ സമ്മർദ്ദമാണ് കർണാടകയുടെ ബലം പിടിത്തത്തിന് പിന്നിൽ. കർണാടക മുഖ്യമന്ത്രിയെ ഇതുസംബന്ധിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി മുഖ്യമന്ത്രിയും കേരള- കർണാടക ചീഫ് സെക്രട്ടറിമാർ തമ്മിലും ചർച്ചനടത്തിയെങ്കിലും മാക്കൂട്ടം ചുരം റോഡ് തുറക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് കർണാടക. കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തിന് മംഗളൂരു- കാസർകോട്, മൈസൂരു- എച്ച്.ഡി കോട്ട- മാനന്തവാടി, ഗുണ്ടൽപേട്ട്- സുൽത്താൻബത്തേരി പാതകൾ തുറക്കാമെന്നാണ് അവരുടെ വാഗ്ദാനം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കൂട്ടുപുഴ പാലത്തിന് സമീപം ബാരിക്കേഡ് വച്ച് കർണാടക അതിർത്തി അടച്ചത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്ര സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ഉന്നതതല തീരുമാനമാണെന്ന് പറഞ്ഞ് റോഡ് മണ്ണിട്ട് അടയ്ക്കുകയായിരുന്നു. ഇതോടെ 80ഓളം ചരക്കുവാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി. പാസ് വാങ്ങി കർണാടകയിലേക്ക് പച്ചക്കറി കയറ്റാൻ പോയ ലോറികൾ ഉൾപ്പെടെയാണ് കുടുങ്ങിയത്. ഡ്രൈവർമാർ വെള്ളവും ഭക്ഷണവുമില്ലാതെ പുലർച്ചെ വരെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

ഇന്നലെ പുലർച്ചെ ഇവർ മുത്തങ്ങ വഴി 100 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. ചീഫ് സെക്രട്ടറിമാർ നടത്തിയ ചർച്ച അല്പം അയവുവരുത്തിയെങ്കിലും കർണാടകയിലെ ജനപ്രതിനിധികൾ കടുത്ത സമ്മർദ്ദം ചെലുത്തി അന്തരീക്ഷം കടുപ്പിച്ചു.

രോഗവ്യാപനഭീഷണിയെന്ന് എം.പിമാർ

ഉത്തരമലബാർ മേഖലയിൽ രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ഗതാഗതം അനുവദിച്ചാൽ കുടകിലേക്കും രോഗവ്യാപനമുണ്ടാകുമെന്നാണ് അവരുടെ വാദം. മൈസൂരു -കുടക് എം.പി പ്രതാപ സിംഹയും എം.എൽ.എമാരും വീരാജ്പേട്ട- കൂട്ടുപുഴ റോഡ് തുറക്കാതിരിക്കാൻ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണെന്നാണ് അറിയുന്നത്. റോഡ് തുറന്നാൽ സമരമാരംഭിക്കുമെന്നും ഇവർ കർണാടക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.