കണ്ണൂർ: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് റോഡരികിലെ കടവരാന്തയിൽ കൂട്ടംകൂടി നിന്നവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വിവാദമായി. ഇന്നലെ ഉച്ചയ്ക്ക് വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കലിൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയപ്പോഴാണ് റോഡരികിൽ ഒരു കൂട്ടം ആളുകളെ കണ്ടത്. ഇതിൽ ചിലർ പൊലീസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടു. രണ്ടിടങ്ങളിലായി കണ്ട സംഘങ്ങളിലെ ഏഴോളം പേരെയാണ് എസ്.പി ഏത്തമിടീച്ചത്. ഏത്തമിട്ടു തളരുന്നവരെ പിന്നെയും ഏത്തമിടീക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും മാദ്ധ്യമങ്ങളുമെല്ലാം പറഞ്ഞിട്ടും കൂട്ടംകൂടി നിന്നതിനാണ് ശിക്ഷയെന്ന് എസ്.പി ഇവരോട് പറയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇനിയാരെയും പുറത്തുകാണരുതെന്ന താക്കീതും നല്കുന്നുണ്ട്. പൊലീസുകാർ ജനത്തോട് വിനയത്തോടെ പെരുമാറണമെന്നും മുതിർന്ന പൗരന്മാരെയും പാവപ്പെട്ടവരെയും സഹായിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും കഴിഞ്ഞദിവസം ഡി.ജി.പി നിർദ്ദേശിച്ചതിനു പിന്നാലെയാണ് എസ്.പി നാട്ടുകാരെ ഏത്തമിടീച്ച സംഭവം ഉണ്ടായത്.
''ചെറിയ നിയന്ത്രണങ്ങൾ പോലും ലംഘിക്കുന്നത് അനുവദിക്കാനാവില്ല. പ്രായമേറിയവരെ മർദ്ദിക്കാനൊന്നുമാവില്ല. അതുകൊണ്ടാണ് ഇത്തരം ബോധവത്കരിക്കുന്ന രീതിയിലുള്ള ശിക്ഷ നല്കേണ്ടിവരുന്നത്.
-യതീഷ് ചന്ദ്ര