കാസർകോട്: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്ത് ചുറ്റിക്കറങ്ങുന്നുവെന്ന പരാതിയിൽ പത്തുപേരെ കസ്റ്റഡിയിലെടുത്ത കാസർകോട് പൊലീസ് പുലിവാൽ പിടിച്ചു.കാസർകോട് ടൗൺ പൊലീസ് ഇന്നലെയാണ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 10 പേരെ നിയന്ത്രണം ലംഘിച്ചുവെന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ഒരു ലോഡ്ജ് മുറിയിൽ പ്രത്യേക ഐസൊലേഷനിലാക്കിയത്.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതുപോലെ ലോഡ്ജ് മുറിയിൽ കൃത്യമായി നിരീക്ഷണത്തിൽ കഴിയണമെന്നാണ് ഇവരോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരീക്ഷണത്തിലുള്ള ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചാണ് നിരീക്ഷണത്തിൽ കഴിയുന്ന 10 പേരും നിയന്ത്രണം ലംഘിച്ചതായി കണ്ടെത്തിയത്.

നിയന്ത്രണം ലംഘിച്ചതിന് ഇവർക്കെതിരെ ആകെയുള്ള തെളിവ് മൊബൈൽ ഫോൺ ഉപയോഗം മാത്രമാണ്. ദുബായിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ വച്ച് ഇവർ ഉപയോഗിച്ച ഫോൺ നമ്പർ ആണ് അധികൃതർ പരിശോധിക്കുന്നതും രഹസ്യമായി ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതും. വീട്ടിൽ എത്തിയതിനു ശേഷം പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഈ മൊബൈൽ ഫോൺ നമ്പറുകൾ കാസർകോട് നഗരത്തിലെ പലഭാഗങ്ങളിലായി ലൊക്കേഷൻ കാണിക്കുകയുണ്ടായി. ഇതേതുടർന്നാണ് നിരീക്ഷണത്തിൽ കഴിഞ്ഞവരെ കസ്റ്റഡിയിൽ എടുത്തത്.

ഫോൺ ഉപയോഗിച്ചത് ബന്ധുക്കളും

എന്നാൽ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷനിൽ കണ്ടെത്തിയ മൊബൈൽ ഫോൺ വിവിധ ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്ന വീട്ടിലെ ബന്ധുക്കളോ സഹോദരങ്ങളോ ഉപയോഗിക്കുന്നവയാണെന്ന് കണ്ടെത്തിയതാണ് തലവേദനയായത്. കസ്റ്റഡിയിലെടുത്ത അവർ ലോഡ്ജ് മുറിയിൽ കിടക്കുന്നത് മതിയായ സുരക്ഷയോടെയെല്ലെന്നാണ് പൊലീസ് തന്നെ പറയുന്നത്. ഇവർ മുഖേന ലോഡ്ജിലെ മറ്റുള്ളവർക്ക് കൊറോണ വ്യാപനം ഉണ്ടായാൽ അതും പുലിവാലാകുമെന്നതാണ് പൊലീസിനെ കുഴക്കുന്നത്.

ബൈറ്റ്

സർക്കാർ നിയന്ത്രണം ലംഘിച്ചതിന്റെ പേരിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് നഗരത്തിലെ ലോഡ്ജിൽ പാർപ്പിച്ച് വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗം മാത്രമാണ് ഇവർക്കെതിരെ തെളിവുള്ളതെന്ന് പറയുന്നു. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിരപരാധികളാണെങ്കിൽ പൊലീസ് അവർക്ക് എതിരെ നടപടിയെടുക്കില്ല.

പി എസ് സാബു

(കാസർകോട് ജില്ലാ പൊലീസ് ചീഫ്)