corona-virus

കാസർകോട്: കാഞ്ഞങ്ങാട് ഒരു ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു. പരീക്ഷ എഴുതാൻ അതേ ക്ളാസിൽ ഉണ്ടായിരുന്ന 19 കുട്ടികളോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. അദ്ധ്യാപകരും നിരീക്ഷണത്തിലായി. വിദ്യാർത്ഥിനിയുടെ അടുത്ത സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് വിദ്യാർത്ഥിനി. ബന്ധുക്കളോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു.

ഈ മാസം 19വരെ എസ് എസ് എൽ സി പരീക്ഷ നടന്നിരുന്നു. 10 എഫ് ക്‌ളാസിൽ പഠിച്ച കുട്ടി 10എ ക്‌ളാസിലാണ് പരീക്ഷ എഴുതാനിരുന്നത്. രോഗലക്ഷണം കണ്ടതോടെ തുടർന്നുള്ള പരീക്ഷക്ക് എത്തിയില്ല.

രോഗം പകർന്നത് പിതാവിൽ നിന്ന്

കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിനിയുടെ പിതാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയിരുന്നു. നിരീക്ഷണത്തിൽ കഴിയവേ കൊറോണ സ്ഥിരീകരിച്ചു. പിതാവിൽ നിന്നാണ് കുട്ടിക്കും രോഗം പകർന്നതെന്ന് കരുതുന്നു.