തൃക്കരിപ്പൂർ: ലോക് ഡൗൺ അവഗണിച്ച് കക്ക വാരാനിറങ്ങിയ യുവാക്കളെ പോലീസ് വിരട്ടിയോടിച്ചു.ഒളവറ പാലത്തിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം.

രാവിലെ 9 മണിയോടെ ബൈക്കുകളിലെത്തിയ യുവാക്കളാണ് സർക്കാരിന്റെ നിയന്ത്രണത്തെ വകവെക്കാതെ കക്ക വാരാനെത്തിയത്. അൻപതോളം യുവാക്കളുണ്ടായിരുന്നു സംഘത്തിൽ .റോഡരികിൽ പാർക്കു ചെയ്തിരിക്കുന്ന ബൈക്കുകളുടെ ഉടമകളെ അനേഷിച്ച നാട്ടുകാരാണ് പുഴയിലെ ജലനിരപ്പിന് മുകളിലായി നിറയെ തല നിരന്നിരിക്കുന്നത് കണ്ടെത്തിയത്. കക്ക വാരുകയാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ചിലർ ഗൗരവം ചൂണ്ടിക്കാട്ടിയെങ്കിലും ഇവർ പുഴയിൽ നിന്ന് കയറാൻ തയ്യാറായില്ല. വിവരമറിയിച്ചതിനെ തുടർന്ന് ഒരു പോലീസ് വാഹനമെത്തി. എന്നിട്ടും ഇവർ കരകയറാൻ മെനക്കെട്ടില്ല. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസ് പുഴയിലിറങ്ങുമെന്ന ഘട്ടത്തിൽ മാത്രമാണ്, രംഗം വഷളാകുമെന്ന് കരുതി ഓരോരാളായി കയറി വന്നത്. കാര്യത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി പിന്നീട് ഇവരെ പോലിസ് വിട്ടയച്ചു.