കണ്ണൂർ:മദ്യാസക്തിയ്ക്കടിപ്പെട്ടവർ മദ്യം ലഭ്യമല്ലാതായതോടെ പരിഭ്രാന്തി കാട്ടുന്ന സംഭവങ്ങൾ വർദ്ധിച്ചുതുടങ്ങി. ജില്ലയിൽ ഈ വിധത്തിലെത്തി ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടിവരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണാടിവെളിച്ചത്ത് യുവാവ് തൂങ്ങിമരിച്ചതിന് പിന്നിൽ മദ്യം ലഭിക്കാത്തതാണെന്ന് നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു.അതെസമയം ജില്ലാ ആശുപത്രിയിൽ മദ്യാസക്തരെ പ്രവേശിപ്പിച്ച് ചികിത്സിക്കാനുള്ള പരിധി ഇന്നലെ തന്നെ കഴിഞ്ഞതായും പിന്നീടെത്തിയ രോഗികളെ മരുന്ന് നല്കി വീട്ടിലേക്ക് തിരിച്ചയക്കുകയാണെന്നും പറയപ്പെടുന്നു.
ഇന്നലെ ജില്ലയിൽ 8 പേരെയാണ് പരിഭ്രാന്തി കാട്ടിയതിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ അഞ്ചുപേരും 40 വയസിൽ താഴെ പ്രായമുള്ളവരാണ്. മറ്റുമൂന്ന് പേർ 60 വയസിൽ താഴെയുള്ളവരും. ഇതിലും കൂടുതൽ ആളുകൾ പരിഭ്രാന്തരായി വീടുകളിൽ കഴിയുന്നുണ്ടെന്നാണ് വിവരം.
സ്ഥിരം മദ്യപർ മദ്യം കിട്ടാതെ പിൻവാങ്ങൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടെന്നാണ് എക്സൈസ് നിലപാട്. ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നവരെ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കണമെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചത്.എന്നാൽ പി.എച്ച്.സികളിൽ ഇത്തരം രോഗികളെ കൈകാര്യം ചെയ്യുക എളുപ്പമല്ല താനും. ഇന്നലെ മുഴപ്പിലങ്ങാടുള്ള രോഗിയെ പി.എച്ച്.സിയിലെത്തിച്ച് മരുന്ന് നല്കി അയച്ചെങ്കിലും പിന്നീട് ഇയാൾ അക്രമാസക്തനായി. നിലവിലെ സാഹചര്യത്തിൽ ഇത്തരം രോഗികളുമായി പോകുന്ന വാഹനങ്ങൾ പരിശോധനയ്ക്കായി റോഡിൽ തടയപ്പെടുന്ന സ്ഥിതി വേറെ.
പാചകവാതകസിലിണ്ടർ വലിച്ചുപൊട്ടിച്ചു, കാറിന് നേരെയും പരാക്രമം
തോട്ടടയിൽ ഒരു യുവാവ് വീട്ടിലെ പാചക വാതക സിലിണ്ടറിൽ ഘടിപ്പിച്ച പൈപ്പ് വലിച്ചൂരിയാണ് പരാക്രമം കാട്ടിയത്. ഈയാൾ അയൽവീടിന് മുന്നിൽ നിറുത്തിയിട്ട കാർ അടിച്ചുതകർക്കാൻ ശ്രമിച്ചതായും പറയുന്നു. തന്നെ കൊല്ലാൻ ആരോ വരുന്നുവെന്ന് പറഞ്ഞ് പരിഭ്രാന്തനായി എന്തൊക്കെയോ ചെയ്തുകൂട്ടുകയായിരുന്നു ഈയാൾ. അക്രമാസക്തരായ എട്ടുപേരെയാണ് ഐ.ആർ.പി.സിയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിക്ക് പുറമെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിലും വടകരയിലെ ജില്ലാ ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. മൂന്നും നാലും പേരുടെ സഹായത്തോടെ ബലമായാണ് ഇവരെ ഐ.ആർ.പി.സി പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റിയത്.
പയ്യന്നൂരിൽ 20 പേർക്ക് കിടത്തിചികിത്സ
പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ലഹരി വിമോചന കേന്ദ്രത്തിൽ 20 പേരെ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. . മെഡിക്കൽ ഓഫീസറുടെയും രണ്ട് മെയിൽ നഴ്സുമാരുടെയും നാല് സെക്യൂരിറ്റി സ്റ്റാഫിന്റെയും സേവനം ഇവിടെയുണ്ട്. എന്നാൽ ഇവിടെ ആഴ്ചയിൽ ഒരു ദിവസം സേവനം നല്കേണ്ടുന്ന സൈക്യാട്രിസ്റ്റ് ഇപ്പോൾ അവധിയിലാണ്.