കാസർകോട്: ജില്ലയിലെ കൊറോണ ബാധിതരെയും നിരീക്ഷണത്തിലാകുന്നവരേയും പാർപ്പിക്കാൻ വിദ്യാനഗറിലുള്ള ഉദയഗിരി വനിതാ ഹോസ്റ്റലും കാസർകോട് കേന്ദ്രസർവ്വകലാശാലയുടെ എല്ലാ രണ്ട് ഹോസ്റ്റലും ബെണ്ടിച്ചാലിലെ ഖുറാൻ ഇസ്ലാമിക് സയൻസ് സ്‌കൂളും ഏറ്റെടുത്തതായി ജില്ലാ കളക്ടർ ഡോ .ഡി .സജിത്ബാബു പറഞ്ഞു. നിർമ്മാണം പൂർത്തിയായ കാസർകോട് മെഡിക്കൽ കോളെജിലെ ആറ് നിലകൾ ഏറ്റെടുത്ത് കോവിഡ് ബാധിതരായ രോഗികളെ പാർപ്പിക്കും.
ഇവിടെ ഐ.സി.യു തയ്യാറാക്കുന്നതിന് സാമ്പത്തിക സങ്കേതിക സഹായം സർക്കാറിൽ നിന്നും ലഭ്യമാക്കും. ഇക്കാര്യത്തിൽ പ്രൊപ്പോസൽ സർക്കാറിൽ സമർപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ (ആരോഗ്യം)കളക്ടർ ചുമതലപ്പെടുത്തി. കെ .എസ്.ഇ.ബി അനുവദിച്ച ഫണ്ടിൽ നിന്നും 300 കിടക്കകൾ വാങ്ങും.ഇതിന് ആവശ്യമായ ഭരണാനുമതി നൽകുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ കളക്ടർ ചുമതലപ്പെടുത്തി.കൊറോണ ബാധിതരായ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് കാസർകോട് കെയർവെൽ ആശുപത്രിയും ജില്ലാ കളക്ടർ ഏറ്റെടുത്തു. കാസർകോട് ജനറൽ ആശുപത്രിയിൽ പരിചരണത്തിലിരിക്കുന്ന രോഗലക്ഷണങ്ങൾ ഉള്ളസ്ത്രീകളെ ഉദയഗിരി വനിതാ ഹോസ്റ്ററിലേക്ക് മാറ്റും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കപ്പെട്ടവർ സർക്കാർ നിർദേശം പാലിക്കാതിരുന്നാൽ പൊലീസ് ബന്തവസിൽ മാറുന്നതിന് കളക്ടർ ഏറ്റെടുത്ത കാസർകോട് എയർലൈൻസ് ലോഡ്ജിലെ 48 മുറികൾ ഉപയോഗിക്കും.
പടന്നക്കാട്ട് കേന്ദ്ര സർവ്വകലാശാല പ്രവർത്തിച്ചിരുന്ന ആശുപത്രി കെട്ടിടം കൊറോണ സെന്റർ ആക്കി . ഇവിടെ 64 കിടക്കകളാണുള്ളത്. ഈ കേന്ദ്രത്തിൽ 108 ആബുലൻസിന്റെ സേവനവും രോഗീപരിചരണത്തിനായി ഒരു ഡോക്ടറും ഓരോനിലയിലും ഒരു നഴ്സും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ഉണ്ടായിരിക്കണമെന്ന് കളക്ടർ നിർദേശം നൽകി.
ജില്ലയിലെ കൊറോണ കെയർ സെന്ററുകൾ
ചികിത്സാ സൗകര്യം ഒരുക്കുന്നതിനും രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കുന്നതിനുമായി സർക്കാർ തലത്തിൽ ജില്ലയിൽ കോവിഡ് കെയർ സെന്ററുകളായി സജീകരിച്ച ആശുപത്രികൾ: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി, പെരിയ സി എച്ച് സി, ബദിയടുക്ക സി എച്ച് സി,
സ്വകാര്യ ആശുപത്രികളും സ്ഥാപനങ്ങളും
കാസർകോട് അരമന ആശുപത്രി, കെയർവെൽ ആശുപത്രി, കാസർകോട് എയർലൈൻസ് ലോഡ്ജ്, പെരിയ കേന്ദ്ര സർവ്വകലാശാല ഹോസ്റ്റൽ, പടന്നക്കാട് കേന്ദ്ര സർവ്വകലാശാല പഴയ കെട്ടിടം, ഉദയഗിരി വർക്കിങ് വുമൺ ഹോസ്റ്റൽ, ബെണ്ടിച്ചാൽ ഇസ്ലാമിക് സ്‌കൂൾ, മാലിക് ദിനാർ ആശുപത്രി, ഉക്കിനടുക്ക മെഡിക്കൽ കോളേജ് കെട്ടിടം, കാഞ്ഞങ്ങാട് സർജി കെയർ ആശുപത്രി, കെയർ ആന്റ് ക്യൂ ആശുപത്രി, കാഞ്ഞങ്ങാട് മദേർസ് ആശുപത്രി