ചിത്രം വിറ്റു കിട്ടുന്ന സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തലശ്ശേരി: കൊറോണ വൈറസിന്റെ തീവ്രമായ നശീകരണ ജ്വാലയിൽ ലോകം വെന്തെരിയുമ്പോൾ, ചുട്ടുപൊള്ളുന്ന സമകാലീനാവസ്ഥ കാൻവാസിൽ പകർത്തുകയാണ് ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ.
കാലങ്ങളായി മാനവലോകം പടുത്തുയർത്തിയതെല്ലാം നിമിഷാർദ്ധത്തിൽ തകർന്നു വീഴുന്ന ഭീതിതമായ അവസ്ഥയിൽ, ഭൂമുഖത്ത് എവിടെയെങ്കിലും കൊറോണ ബാധിക്കില്ലെന്ന് ഉറപ്പിച്ച് പറയാൻ പോലും നമുക്കാവില്ല. ഭരണകൂടവും ജനതയും മറ്റെല്ലാം മറന്ന് ഒരേ മനസ്സോടെ രാപകൽ ഭേദമെന്യേ കൈകോർത്ത് നീങ്ങുന്ന അവസ്ഥയും മുമ്പൊരു കാലത്തുമുണ്ടായിട്ടില്ല.
രാജ്യം തന്നെ അടച്ചിടപ്പെടുകയും കോടിക്കണക്കിന് ജനങ്ങൾക്കൊപ്പം വീട്ടിലിരിക്കേണ്ടി വരികയും ചെയ്തപ്പോഴാണ് ചിത്രകാരനിൽ നിന്ന് റോക്‌സ്‌കേപ്പ് എന്ന ചിത്രം പിറവിയെടുത്തത്.
ഈ ചിത്രം വിറ്റു കിട്ടുന്ന സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ളതാണ്. മനുഷ്യരുടേത് മാത്രമല്ല,സകല ചരാചരങ്ങളുടേയും സർവ്വനാശത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും, ശാസ്ത്ര ബോധമുള്ള മനുഷ്യന് അനിവാര്യമായും വേണ്ടത്, സംഘർഷഭരിതമായ മാനസികാവസ്ഥ ഒഴിവാക്കപ്പെടുകയെന്ന തിരിച്ചറിവിൽ നിന്ന് കൂടിയാണ് ഈ ചിത്രം പിറവിയെടുത്തത്. അതിന് ഉപയുക്തമായ നിറപ്രയോഗത്തിലൂടെയാണ് മൂന്ന് അടി വീതിയും മൂന്നടി നീളവുമുള്ള ഈ ചിത്രം അക്രിലിക്കിൽ ചെയ്തിട്ടുള്ളത്.
സമൃദ്ധമായ ജലം നമ്മുടെ പ്രധാന ഊർജ്ജമാണ്.നദിയും, തീരവും, തടാകവും, പാറക്കെട്ടുകളുമെല്ലാം ചിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. കലർപ്പില്ലാത്ത ശുദ്ധജലത്തിന് കാവലാളായി പാറക്കെട്ടുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷക്ക് കാവൽ നിൽക്കുന്ന ഭരണാധികാരികളായും ഈ പാറക്കൂട്ടങ്ങളെ വ്യാഖ്യാനിക്കാം. അതിന്റെ ദൃഢതയും, കരുത്തും ,ഇച്ഛാശക്തിയും പ്രകടമാക്കുന്ന അപൂർവ്വ ചാരുതയാർന്ന വർണ്ണവിതാനവും വാചാലമാണ്.
ചിത്ര ഗ്രാമമായ കതിരൂരിലെ വീട്ടിൽ ചിത്രരചനയിൽ മുഴുകിയിരിക്കുന്ന പൊന്ന്യം ചന്ദ്രൻ, ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ ചിത്രങ്ങൾ വരച്ചു നൽകാൻ സന്നദ്ധനാണ്.
ചിത്രം: പൊന്ന്യം ചന്ദ്രന്റെ റോക്‌സ്‌കേപ്പ് ചിത്രം. ഇൻസെറ്റിൽ പൊന്ന്യം ചന്ദ്രൻ