കണ്ണൂർ:ജില്ലയിൽ അവശ്യ സാധന വിതരണത്തിന് ജില്ല പഞ്ചായത്തിൽ ആരംഭിച്ച കാൾ സെന്ററുകളിലേക്ക് ആദ്യദിനം തന്നെ ലഭിച്ചത് ഇരുന്നൂറോളം ഓർഡറുകൾ. ലോക്ക് ഡൗണിനെ തുടർന്ന് സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണ് ജില്ലാ ഭരണ കൂടം, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ, ജില്ലാ സ്‌പോർടസ് കൗൺസിൽ, യുവജനക്ഷേമ ബോർഡ്, നെഹ്‌റു യുവ കേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എൻ. സി .സി, എൻ .എസ് .എസ് ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചാണ് സെന്റർ ഒരുക്കിയത്.

ജില്ലാ പഞ്ചായത്ത് വിഡിയോ കോൺഫറൻസ് ഹാൾ കേന്ദ്രീകരിച്ച് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് കാൾ സെന്ററിന്റെ പ്രവർത്തനം. കണ്ണൂർ നഗര പരിധിയിൽ താമസിക്കുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ കാൾ സെന്റർ വഴി സാധന വിതരണം ചെയ്യുന്നത്. വിവരങ്ങൾ അറിയിക്കുന്നതിനായി അഞ്ച് വാടസ് ആപ്പ് നമ്പറുകളും തയ്യാറാക്കിയിട്ടുണ്ട്.

ഗ്രാമങ്ങളിലുളളവർ ആവശ്യപ്പെടുകയാണെങ്കിൽ ആ വിവരങ്ങൾ കുടുംബശ്രീ മുഖേന അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കും. പാകം ചെയത് ഭക്ഷണത്തിന് ആവശ്യം വരികയാണെങ്കിൽ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചൻസെന്ററിനെ വിവരമറിയിച്ച് ഭക്ഷണം ലഭ്യമാക്കും. പരമാവധി ഒരാഴ്ച്ചത്തേക്ക് വേണ്ട സാധനങ്ങൾ വീടുകളിലെത്തിക്കുക. പദ്ധതിയിൽ സുപ്പർമാർക്കറ്റ് അസോസിയേഷനും പങ്കാളികളാകുന്നുണ്ട്.
ആദ്യദിനത്തിൽ വന്ന കാളുകളിൽ 40 എണ്ണം ആവശ്യവസ്തുക്കൾക്കും 16 കാളുകൾ മരുന്നിനും ബാക്കിയുള്ളവ മറ്റു വിവരങ്ങൾക്കുമാണ്. ആവശ്യമായ മരുന്നുകൾ ആവശ്യക്കാർക്ക് എത്തിക്കാൻ ഇന്നലെ സെന്ററിന് കഴിഞ്ഞു.

ബന്ധപ്പെടാം

ആവശ്യക്കാർ വാട്സ് ആപ്പ് വഴിയാണ് ബന്ധപ്പെടേണ്ടത്. എസ് എം എസും ചെയ്യാം. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വിലമാത്രമാണ് ഈടാക്കുന്നത്. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും ഇതുവഴി ലഭ്യമാക്കും. ആവശ്യസാധനങ്ങൾക്ക് : 9400066016, 9400066017, 9400066018, 9400066019 .

മരുന്നിന് : 9400066020