കണ്ണൂർ:മദ്യാസക്തി അവഗണിക്കരുതെന്നും അത് ഗുരുതര മാനസിക, ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള മദ്യവിൽപ്പന ശാലകൾ അടച്ചതോടെ മദ്യലഭ്യത ഇല്ലാതായിരിക്കുകയാണ്. ഇത് മൂലം സ്ഥിരമായി മദ്യപിക്കുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
മദ്യാസക്തി മൂലമുണ്ടാകുന്ന ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്നും ഇതുണ്ടാകുന്ന ശാരീരിക -മാനസിക പ്രശ്‌നങ്ങൾ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾക്കൊപ്പം ആത്മഹത്യയിലേക്ക് വരെ ഇത് വഴിവെക്കുമെന്നും കണ്ണൂർ നാഷണൽ ആയുഷ് മിഷൻ ഹർഷം പ്രൊജക്ട്ട് മെഡിക്കൽ ഓഫീസർ ഡോ. എ ജിൽജിത്ത് പറഞ്ഞു.
ലക്ഷണങ്ങൾ ഇങ്ങനെ
ഛർദ്ദി, ഓക്കാനം വരിക, കൈകാലുകളും ശരീരവും വിറയ്ക്കുക, അമിതമായി വിയർക്കുക, അമിത ഉത്കണ്ഠ, അസ്വാസ്ഥ്യം, ഉറക്കക്കുറവ്, ശരീരത്തിൽ പാറ്റകളോ ഉറുമ്പുകളോ ഇഴയുന്നത് പോലെയോ സൂചികൊണ്ട് തറയ്ക്കുന്നത് പോലെയോ ഉള്ള അനുഭവങ്ങൾ, തലവേദന, വിഷാദം, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, നിഴലും മറ്റും ചലിക്കുന്നതായി തോന്നുക, മാനസിക ഏകാഗ്രത നഷ്ടപ്പെടുക, ഒന്നിലും വ്യക്തതയില്ലാതിരിക്കുക, അപസ്മാര രോഗികളിൽ കാണുന്ന തരത്തിലുള്ള വിഭ്രാന്ത ചേഷ്ടകൾ എന്നിവയാണ് വിഡ്രോവലിന്റെ ലക്ഷണങ്ങൾ. മാനസിക ഏകാഗ്രത നഷ്ടപ്പെടുകയോ വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്താൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.
തീവ്രത കുറഞ്ഞാൽ
എന്നാൽ തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെങ്കിൽ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പരിഹാരം കാണാം. ശരിയായ ഭക്ഷണക്രമം , ജലാംശമേറിയ ഭക്ഷണം, ധാരാളം വെള്ളം കുടിക്കുക, ഇളനീർ, മോര് എന്നിവ ശീലമാക്കുക, കൃത്യമായ വിശ്രമം തുടങ്ങിയവയിലൂടെ പരിഹാരം കാണാനാകും. ഈത്തപ്പഴം, മുന്തിരി എന്നിവ തലേദിവസം രാത്രി വെള്ളത്തിലിട്ടുവെച്ച് പിറ്റേദിവസം പിഴിഞ്ഞ് ചാറെടുത്ത് പഞ്ചസാര ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്. യോഗ ചെയ്യുന്നതിലൂടെയും ഒരു പരിധിവരെ ഇവർക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാനാകും. ഇതോടൊപ്പം തന്നെ വീട്ടുകാരുടെ കരുതലും പിന്തുണയും ഏറെ ആവശ്യമാണെന്നും ഡോ. ജിൽജിത്ത് പറഞ്ഞു.