കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ ഒന്നു മുതൽ റേഷൻ സാധനങ്ങൾ കാർഡ് ഉടമകൾക്ക് വീടുകളിലെത്തിക്കും. റേഷൻ കടകളിൽ ആളുകൾ ഒരുമിച്ചു കൂടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ ജില്ലയിൽ റേഷൻ സാധനങ്ങൾക്ക് ഹോം ഡെലിവറി സംവിധാനം കൊണ്ടുവരുന്നത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തദ്ദേശസ്ഥാപന തലത്തിലും വാർഡ് തലത്തിലും സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കായിരിക്കും റേഷൻ വീട്ടിലെത്തിക്കാനുള്ള ചുമതല.
തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികൾ ഹോം ഡെലിവറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. റേഷൻകട തലത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജന മൈത്രി പൊലീസ്, കുടുംബശ്രീ പ്രവർത്തകർ, റേഷൻ കട ലൈസൻസി, ആരോഗ്യ പ്രവർത്തകർ എന്നിവർ അടങ്ങുന്ന സമിതിക്കായിരിക്കും ഇതിന്റെ നേതൃത്വം. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഒരു ദിവസം ഒരു പ്രദേശത്തെ നിശ്ചിത എണ്ണം വീടുകളിൽ നിന്ന് കാർഡുകൾ ശേഖരിച്ച ശേഷം റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഓരോ വീട്ടിലും എത്തിച്ചുനൽകും.

ഇതിനു പുറമെ, കണ്ണൂർ കോർപറേഷൻ പ്രദേശങ്ങളിൽ സ്റ്റേ സെയ്ഫ് ഹോം ഡെലിവറി സംവിധാനം കൂടി റേഷൻ വിതരണത്തിനായി ഉപയോഗപ്പെടുത്തും. മുഴുവൻ കാർഡുടമകളും റേഷൻ സാധനങ്ങൾ വാങ്ങാൻ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.