പള്ളിക്കര: സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണിനിടെ പൊലീസ് വീട് അടിച്ചു തകർത്തതായി വാട്സാപ്പ് വഴി വ്യാജ പ്രചാരണം അയച്ച പഞ്ചായത്ത് മെമ്പറെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ലീഗ് പ്രവർത്തകയും പള്ളിക്കര പഞ്ചായത്ത് മെമ്പറുമായ ബേക്കൽ മൗവ്വലിലെ ഷക്കീല ബഷീറിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. ലോക്ക് ഡൗൺ അവഗണിച്ച് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് ശേഷവും മൗവ്വലിൽ യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബേക്കൽ പൊലീസ് എത്തിയിരുന്നു. അനാവശ്യമായി നിൽക്കുന്ന ആളുകളോട് വീടുകളിലേക്ക് പോകാൻ പൊലീസ് അവശ്യപ്പെട്ടു. ഈ നിർദ്ദേശം അംഗീകരിക്കാൻ തയാറാകാതെ കൂട്ടം കൂടി നിന്നവരെ ഓടിച്ചു. ഇതിനെ തുടർന്നാണ് പഞ്ചായത്തംഗം പൊലീസിനെതിരെ ലഹളയുണ്ടാക്കും വിധം വാട്സാപ്പിൽ സന്ദേശം അയച്ചത്.