കാസർകോട്: വടക്കൻ കേരളത്തിലെ ജനങ്ങളെ അടച്ചുപൂട്ടി ചികിത്സപോലും നിഷേധിക്കുന്ന തരത്തിൽ കേരള -കർണ്ണാടക അതിർത്തി പ്രദേശത്തെ റോഡുകളെല്ലാം മണ്ണിട്ട് അടച്ചുപൂട്ടിയ നടപടിയിൽ നിന്ന് പിന്മാറാതെ കർണാടക സർക്കാർ ഉരുണ്ടു കളിക്കുന്നു. കേന്ദ്രമന്ത്രിമാരും കർണാടകത്തിലെ മലയാളി മന്ത്രിയും എം.പിമാരും അടക്കം കേരളത്തിന്റെ ആവശ്യത്തിന് നേരെ മുഖം തിരിച്ചു നടക്കുകയാണ്. കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മുൻകൈയെടുത്ത് ഇന്നലെ വിളിച്ചുചേർത്ത ഉന്നത തല യോഗത്തിൽ അതിർത്തികൾ തുറക്കില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു.
കാസർകോട് ജില്ലയിൽ കൂടുതൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഭീതിയിൽ ആയ കർണാടകയിലെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതാണ് അതിർത്തികൾ തുറക്കുന്നതിന് സർക്കാരിന് വിലങ്ങുതടിയായത് എന്നാണ് പറയുന്നത്. ദക്ഷിണ കന്നഡയിലെ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.പിമാരും എല്ലാം അതിർത്തി തുറക്കരുത് എന്ന വാദഗതിക്കാരാണ്. പ്രശ്നത്തിൽ ഇടപെട്ടു പരിഹാരം കാണാം എന്ന് പ്രഖ്യാപിച്ചിരുന്ന കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും ഒടുവിൽ പിൻവാങ്ങുകയാണ്. മംഗളൂരുവിലെ മെഡിക്കൽ കോളേജുകൾ, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ, മറ്റു ചികിത്സാലയങ്ങൾ എല്ലാം 'ഫുൾ' ആണെന്ന വിചിത്ര വാാദം ഉന്നയിക്കുകയാണ് കേന്ദ്രമന്ത്രി. കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യാൻ മുറികൾ ഒന്നും ഒഴിവില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു എന്നാണ് സദാനന്ദ ഗൗഡ പറയുന്നത്.
കേരളത്തിലേക്ക് പച്ചക്കറികളും അത്യാവശ്യ സാധനങ്ങളും കൊണ്ടുവരുന്നതിന് മൈസൂർ വഴിയുള്ള രണ്ടു പ്രധാന റോഡുകൾ തുറന്നതായി അദ്ദേഹം വിശദീകരിക്കുന്നു. തലശ്ശേരി കൂർഗ് റോഡുകൾ തുറന്നത് കൊണ്ട് മലയാളികൾക്ക് ഒരു പ്രയോജനവും ഇല്ലെന്ന വാദവും സദാനന്ദ ഗൗഡ മുന്നോട്ടുവെക്കുന്നു. കാസർകോട് ജില്ലയിലെ 24 അതിർത്തികളും കർണാടക സർക്കാർ ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടാണ് അടച്ചുപൂട്ടിയത്. ഇതുകാരണം കാസർകോട്ടെ ജനങ്ങൾ ഏറെ കഷ്ടപ്പെടുകയാണ്. ഗുരുതര രോഗം ബാധിച്ചാൽ പോലും ചികിത്സ കിട്ടാത്ത അവസ്ഥയായി. ആംബുലൻസ് വരെ കടത്തിവിടാത്ത ലോക് ഡൗൺ ആണ് കർണ്ണാടക നടപ്പിലാക്കുന്നത്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയോ മെഡിക്കൽ കോളേജോ ഇല്ലാത്ത കാസർകോട് ജില്ലയിലെ ജനങ്ങൾ ആശ്രയിക്കുന്നത് കർണാടകയിലെ ആതുരാലയങ്ങളെയാണ്. അതിർത്തി അടച്ച് ചികിത്സ നിഷേധിക്കപ്പെട്ടതോടെ രണ്ടുപേർ കാസർകോട്ട് മരിച്ചു. ഗർഭിണിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു.
ഗുരുതര രോഗം ബാധിച്ച നിരവധി ആളുകൾ വീടുകളിൽ ചികിത്സസ കാത്ത് കഴിയുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയക്കുകയും ഉന്നതതല ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടും കർണാാടക പിടിവാശി തുടരുകയാണ്. ചീഫ് സെക്രട്ടറിമാർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് റോഡുകളിലെ മൺകൂനകൾ മാറ്റാമെന്ന് കർണ്ണാടക ആദ്യം സമ്മതിച്ചിരുന്നു. എന്നാൽ റോഡുകൾ തുറന്നിടാൻ രണ്ടുദിവസം കഴിഞ്ഞിട്ടും കർണാടക സർക്കാർ തയ്യാറായിരുന്നില്ല. പിന്നീടാണ് കർണ്ണാടക നിലപാട് കടുപ്പിച്ചത്.