കാലിക്കടവ് (കാസർകോട്) : സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ചന്തേര മാണിയാട്ട് മദ്രസ അധ്യാപകൻ സെയ്‌തലവി മൗലവി- സക്കീന ദമ്പതികളുടെ മകൾ ഫൗസിയ (15) ആണ് മരിച്ചത്. പിലിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിനിയായിരുന്നു. മാർച്ച് അഞ്ചിന് നടക്കാവ് ഫയർഫോഴ്സിന് സമീപത്ത് വെച്ച് റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ ഫൗസിയയും ചേച്ചി സൽമത്തും സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിച്ചാണ് ഫൗസിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ അവിടെ നിന്ന് മടക്കിയതിനെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് മരണം സംഭവിച്ചത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹോദരങ്ങൾ: ജുബൈരിയ, മൈനൂറ, അക്ബർ.