കാഞ്ഞങ്ങാട് : എല്ലാ വർഷവും സ്കൂൾ അടയ്ക്കുന്നതിനു മുമ്പു തന്നെ അഡ്മിഷനു വേണ്ടി വിദ്യാലയത്തിലെത്തുന്ന രക്ഷിതാക്കൾക്കു മുന്നിൽ ഓൺലൈൻ പ്രവേശന ജാലകം തുറന്ന് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി. സ്കൂൾ . പഠന പ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ സ്കൂളിൽ കുട്ടികൾക്ക് പ്രവേശനമുറപ്പു വരുത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് മുന്നിൽ കൊറോണ പ്രതിരോധം വിലങ്ങു തടിയായ ഘട്ടത്തിലാണ് ഹൈടെക് അഡ്മിഷൻ സംവിധാനമൊരുക്കാൻ വിദ്യാലയ അധികൃതർ തയ്യാറായത്.
വിദ്യാലയത്തിൽ വരാതെ തന്നെ രക്ഷിതാക്കൾക്ക് പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ് വരെ തങ്ങളുടെ കുട്ടികൾക്ക് സീറ്റ് ഉറപ്പിക്കാം. വാട്സ് അപ് വഴി തുറക്കാവുന്ന ലിങ്ക് വഴി സ്കൂളിന്റെ അഡ്മിഷൻ പേജിലെത്താം. കുട്ടിയുടെയും രക്ഷിതാവിന്റെയും പേര്, ഫോൺ നമ്പർ, കുട്ടിയുടെ ജനനത്തീയതി, ആധാർ നമ്പർ ,ചേരാനാഗ്രഹിക്കുന്ന ക്ലാസ് തുടങ്ങി എല്ലാ വിവരങ്ങളും മൊബൈൽ ഫോണിലൂടെ കൈമാറാൻ കഴിയും. ജാതിയും മതവും ചേർക്കാനാഗ്രഹിക്കാത്ത രക്ഷിതാക്കൾക്ക് അതിനുള്ള കോളവും ജാലകത്തിലുണ്ട്. പൂർണ വിവരങ്ങൾ സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ മണിക്കൂറുകൾക്കകം കുട്ടിയുടെ അഡ്മിഷൻ നമ്പർ ലഭിക്കും. വിദ്യാലയത്തിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ രക്ഷിതാക്കളുടെ വാട്സ് ആപ് നമ്പറിലൂടെ ഡിജിറ്റൽ ടെക്സ്റ്റ് പുസ്തകങ്ങളും അവധിക്കാല പാക്കേജും ലഭിക്കുമെന്ന് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുകൂടിയായ പ്രധാനാദ്ധ്യാപകൻ ഡോ.കൊടക്കാട് നാരായണൻ പറഞ്ഞു.
കൊറോണ ജാഗ്രത നിർദ്ദേശമുള്ളതിനാൽ രക്ഷിതാക്കളിൽ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച ആശങ്ക ഇല്ലാതാക്കാനും പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ പരമാവധി പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാനും കൂടിയാണ് മേലാങ്കോട്ട് സ്കൂൾ പിടിഎ ഹൈടെക് അഡ്മിഷൻ എന്ന ആശയവുമായി മുന്നോട്ട് വന്നതെന്ന് പി.ടി.എ. പ്രസിഡന്റ് എച്ച്.എൻ.പ്രകാശൻ പറഞ്ഞു.ഫോൺ: 9447394587,9446168780