corona

കാഞ്ഞങ്ങാട്: നിപയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ വൈറസ് സിനിമയിൽ മാത്രം കണ്ടറിഞ്ഞ പേടിപ്പെടുത്തുന്ന അവസ്ഥയാണ് കാഞ്ഞങ്ങാട്ടുകാർക്ക് ഇപ്പോൾ കൊറോണ. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ദുർഗ്ഗ സ്കൂൾ വിദ്യാർത്ഥിനിയടക്കം രണ്ടു പേർക്ക് ഒരു വീട്ടിൽ കൊറോണ സ്ഥിരീകരിച്ചു. ഇവിടെ നിന്നും പ്രായമായി കിടപ്പിലായ ഒരു ഉമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഉണ്ടായ അനുഭവങ്ങളും നാട്ടുകാരുടെ ഭയം വ്യക്തമാക്കുന്നു. ആംബുലൻസ് ജീവനക്കാർ അര മണിക്കൂറോളം പണിപ്പെട്ട് ഉമ്മയെ വീട്ടിൽ നിന്നും റോഡിലേക്ക് എത്തിക്കുമ്പോൾ അയൽവാസികൾ ഭയപ്പാടോടെ ജനലിലൂടെ നോക്കുകയായിരുന്നു. ഉമ്മയുടെ ഭാരത്തിൽ സ്ട്രക്ചർ ഒടിഞ്ഞിട്ടും ഏറെ പണിപ്പെട്ടാണ് ഇവരെ ആംബുലൻസ് വരെ എത്തിച്ചത്. മരുന്ന് പോലും ഇല്ലാതെ എല്ലാം അവസാനിക്കുമെന്ന ഭയന്ന് അയൽ വാസികൾ നിസഹായരായിരുന്നു. സുരക്ഷാ വസ്ത്രങ്ങൾ അണിഞ്ഞെത്തിയവർ പുറത്തേക്ക് കൊണ്ടു പോകുമ്പോൾ വീട്ടുകാരുടെ മുഖത്തും അതിലേറെ ഭയം. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടതോടെ രാവിലെയോടെ ആംബുലൻസ് എത്തിയെങ്കിലും റോഡിലെത്തിക്കാൻ ആരുടെയും സഹായം ലഭിച്ചിരുന്നില്ല. നേരത്തെ ഈ വീട്ടിൽ നിന്നും ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ വീട് ക്ലീൻ ചെയ്ത് സഹായിച്ചവരും നിരീക്ഷണത്തിലായി. ഇപ്പോൾ തന്നെ സമീപത്തെ മുപ്പത് വീടുകൾ നിരീക്ഷണത്തിലാണെന്ന് കണിയാംകുളം കൗൺസിലർ ടി.കെ സുമയ്യ പറയുന്നു.

ഇപ്പോൾ ഈ വീട്ടിലെ കോഴിയ്ക്ക് ഭക്ഷണം കൊടുക്കേണ്ട ചുമതലയും ഇവർക്ക് ഏറ്റെടുക്കേണ്ടി വന്നു. ഇതേ തുടർന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സുരക്ഷാ വസ്ത്രമണിഞ്ഞ് കൂടുതൽ പേരെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഈ ഉമ്മയ്ക്ക് കൂടി പോസിറ്റീവ് ആയാൽ നിരീക്ഷണത്തിൽ പോകേണ്ടവരുടെ ലിസ്റ്റിൽ ഈ ജീവനക്കാരും ഉൾപ്പെടും. ഇപ്പോൾ തന്നെ ആംബുലൻസിലെ ജീവനക്കാരുടെ അവസ്ഥ ദയനീയമാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള കിറ്റ് ധരിച്ചതോടെ ചൂടെടുത്ത് അസ്വസ്ഥരാണ്. മണിക്കൂറുകളോളം ഈ അവസ്ഥ തുടരുമ്പോൾ അസുഖവും അലട്ടുന്നു. കൊറോണയെന്ന ദുരിതം കഴിയുന്നത് വരെ ഇവർക്ക് ഇതിൽ നിന്ന് മോചനവുമില്ല. മറ്റ് ജീവനക്കാരുടെയൊക്കെ സ്രവം പരിശോധിക്കുമ്പോൾ ഇവരെ പരിഗണിക്കുന്നേയില്ല. രോഗികളുമായി സ്പർശിക്കേണ്ടി വരുന്ന തങ്ങളുടെ കാര്യത്തിലും ജാഗ്രത കാട്ടണമെന്നാണ് ഇവർ ആശങ്കയോടെ ചൂണ്ടിക്കാട്ടുന്നത്.